റോഡിലെ വളവിലെ വാഹന പരിശോധന ചോദ്യം ചെയ്തു; യുവാവിനെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് പരാതി
വിജേഷിനെ ഒരു പൊലീസുകാരൻ ഇടപെട്ട് ഓട്ടോറിക്ഷ വിളിച്ച് സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനയിൽ ഇസിജിയിൽ വ്യതിയാനം കണ്ടു. ഇതോടെ പൊലീസുകാരെല്ലാം ആശുപത്രിയിൽ നിന്ന് മടങ്ങി
കൊച്ചി: എറണാകുളം തോപ്പുംപടിയിൽ റോഡിലെ വളവിലെ വാഹന പരിശോധന ചോദ്യം ചെയ്ത യുവാവിനെ പൊലീസുകാർ ഭീഷണിപ്പെടുത്തിയെന്ന് പരാതി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിന് കുടിവെള്ളം നിഷേധിച്ചെന്നും ആരോപണമുണ്ട്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് തോപ്പുംപടി പൊലീസ് അറിയിച്ചു.
എറണാകുളം പള്ളുരുത്തി സ്വദേശി വിജേഷാണ് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായെന്ന് പരാതിപ്പെട്ട് രംഗത്ത് വന്നത്. വിജേഷ് രാവിലെ ജോലിയ്ക്ക് പോകുന്നതിനിടെ തോപ്പുംപടി മുണ്ടംവേലി റോഡിലെ വളവിലായിരുന്നു പൊലീസിന്‍റെ വാഹന പരിശോധന. തർക്കമായതോടെ ബൈക്കിൽ പരിശോധന നടത്തുകയായിരുന്ന രണ്ട് പൊലീസുകാർ ചേർന്ന് തടഞ്ഞ് വച്ചെന്ന് വിജേഷ് ആരോപിക്കുന്നു.
ഇതിനിടെ വിജേഷിനെ ഒരു പൊലീസുകാരൻ ഇടപെട്ട് ഓട്ടോറിക്ഷ വിളിച്ച് സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനയിൽ ഇസിജിയിൽ വ്യതിയാനം കണ്ടു. ഇതോടെ പൊലീസുകാരെല്ലാം ആശുപത്രിയിൽ നിന്ന് മടങ്ങി. അടുത്ത ദിവസം മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മീഷണർക്ക് വിജേഷ് പരാതി നൽകി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ പൊലീസ് സ്റ്റേഷനിൽ നിന്ന് വിജേഷിന് വിളിവന്നു.
ഔദ്യോഗിക കൃത്യനിർവഹണം നടത്തിയതിന് കേസ് എടുത്തിട്ടുണ്ടെന്നും ജാമ്യം ലഭിക്കാവുന്ന വകുപ്പിലാണ് കേസെടുത്തതെന്നും സ്റ്റേഷനിലെത്തണമെന്നും വിളിച്ച പൊലീസുകാരൻ പറഞ്ഞെന്ന് വിജേഷ് പറയുന്നു. പൊലീസുകാർക്കെതിരെ പരാതി നൽകിയതിന് പിന്നാലെ കേസെടുത്തതിനെ നിയമപരമായി നേരിടാനാണ് വിജേഷിന്‍റെ തീരുമാനം. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിജേഷിന് ആവശ്യമായി വൈദ്യസഹായം ലഭ്യമാക്കിയിരുന്നെന്നും തോപ്പുംപടി പൊലീസ് അറിയിച്ചു.