പരാതി നല്‍കാനെത്തിയ ആളെ പൊലീസ് അധിക്ഷേപിച്ച സംഭവം; ഡിഐജി ഇന്ന് റിപ്പോർട്ട് നൽകും
മദ്യലഹരിയിലാണ് എന്ന് പറഞ്ഞാണ് ഗ്രേഡ് എസ്ഐ ഗോപകുമാർ അപമാനിച്ചതെന്ന് പരാതിക്കാരനായ സുദേവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുദേവനെ അപമാനിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതോടെ ഡിജിപി ഇടപെട്ട് ഉദ്യോഗസ്ഥനെ ഇന്നലെ തന്നെ സ്ഥലം മാറ്റിയിരുന്നു
തിരുവനന്തപുരം: പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ നെയ്യാർ ഡാം സ്റ്റേഷനിൽ അധിക്ഷേപിച്ച സംഭവത്തിൽ ഇന്ന് ഡിഐജി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. മദ്യലഹരിയിലാണ് എന്ന് പറഞ്ഞാണ് ഗ്രേഡ് എസ്ഐ ഗോപകുമാർ അപമാനിച്ചതെന്ന് പരാതിക്കാരനായ സുദേവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സുദേവനെ അപമാനിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതോടെ ഡിജിപി ഇടപെട്ട് ഉദ്യോഗസ്ഥനെ ഇന്നലെ തന്നെ സ്ഥലം മാറ്റിയിരുന്നു. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് ഞായറാഴ്ച നൽകിയ പരാതിയിൽ തുടർ നടപടികൾ ഉണ്ടാകാത്തത് അന്വേഷിക്കാനായിരുന്നു കള്ളിക്കാട് സ്വദേശി സുദേവൻ ഇന്നലെ പൊലീസ് സ്റ്റേഷനിൽ എത്തിയത്.
കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ സുദേവനോട് നെയ്യാർ ഡാം പൊലീസ് മോശമായി പെരുമാറുകയായിരുന്നു. ഞായറാഴ്ചയാണ് സുദേവൻ ആദ്യം പരാതി നൽകിയത്. അന്ന് പൊലീസ് വിവരങ്ങൾ തേടി. എന്നാൽ കേസിൽ തുടർനടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവൻ സ്റ്റേഷനിലെത്തിയത്.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ഗ്രേഡ് എസ്എഐ ഗോപകുമാർ തട്ടിക്കയറുകയായിരുന്നു. താൻ മദ്യലഹരിയിലാണെന്ന് പറഞ്ഞാണ് പൊലീസ് അധിക്ഷേപിച്ചതെന്നും സുദേവൻ പറയുന്നു. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് മേധാവി തന്നെ ഇടപെട്ടത്. സുദേവനെ അധിക്ഷേപിച്ച ഗ്രേഡ് എഎസഐ ഗോപകുമാറിനെ അടിയന്തിരമായി സ്ഥലമാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ഡിഐജിയെ ചുമതലപ്പെടുത്തുകയും ചെയ്തു.