സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പി പി ദിവ്യയുടെ പരാതി; കേസെടുത്ത് പൊലീസ്

എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു ദിവ്യയുടെ പരാതി.

Police take case on PP Divya complaint of defamation through social media

കണ്ണൂർ: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയുടെ പരാതിയിന്മേൽ കേസെടുത്ത് പൊലീസ്. പി പി ദിവ്യ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂർ വനിതാ പൊലീസാണ് കേസെടുത്തത്. യൂട്യൂബർ ബിനോയ് കുഞ്ഞുമോൻ, തൃശൂർ സ്വദേശി വിമൽ, ന്യൂസ് കഫേ ലൈവ്, തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു ദിവ്യയുടെ പരാതി. കുടുംബാംഗങ്ങളെ കൊല്ലുമെന്നുമുള്ള ഭീഷണിയിയുമുണ്ടായെന്ന് പി പി ദിവ്യ പരാതി നൽകിയിട്ടുണ്ട്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പ്രതിസ്ഥാനത്തുണ്ട്.  പി പി ദിവ്യ ഏക പ്രതിയായ കേസിലെ ദുരൂഹതകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.

യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി പി ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിന് പിറകെയായിരുന്നു നവീൻ ബാബുവിന്‍റെ ആത്മഹത്യ. ഒക്ടോബര്‍ 14 ന് നടന്ന യാത്രയയപ്പ് യോഗത്തിൽ വിവാദങ്ങളുടെ തുടക്കം. ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ചൊരിഞ്ഞത് ആക്ഷേപങ്ങൾ മാത്രം. സ്ഥലംമാറ്റത്തിന്റെ സന്തോഷം തല്ലിക്കെടുത്തിയ വാക്കുകൾ. കിട്ടിയ ഉപഹാരങ്ങൾ പോലും എടുക്കാതെയാണ് നവീൻ ബാബു കളക്ടറേറ്റ് വിട്ടിറങ്ങിയത്. രാത്രി 8.55നുള്ള മലബാർ എക്സ്പ്രസിനായിരുന്നു നവീൻ ബാബു നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നത്. പുലർച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് നവീൻ ട്രെയിനിലില്ലെന്ന വിവരം കണ്ണൂരിലറിയിക്കുന്നത്. എഡിഎമ്മിന്റെ ഡ്രൈവർ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read: സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്താൽ സർക്കാർ അധ്യാപകർക്ക് പണികിട്ടും, നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios