കണ്ണൂർ വിമാനത്താവളത്തിൽ സ്വർണമില്ലെന്ന് കണ്ട് കസ്റ്റംസ് വിട്ടയച്ചയാളിൽ നിന്ന് പൊലീസ് സ്വർണം പിടികൂടി
38 ലക്ഷം രൂപ വില വരുന്ന 728 ഗ്രാം സ്വർണം പിടികൂടിയത് കൂത്തുപറമ്പ് നരവൂർ സ്വദേശിയിൽ നിന്ന്
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞ് പുറത്തെത്തിച്ച സ്വർണം പൊലീസ് പിടികൂടി.38 ലക്ഷം രൂപ വില വരുന്ന 728 ഗ്രാം സ്വർണമാണ് പിടികൂടിയത്. കൂത്തുപറമ്പ് നരവൂർ സ്വദേശി നസീം അഹമ്മദിൽ നിന്നാണ് സ്വർണം പിടിച്ചത്. പാസഞ്ചർ ടെർമിനൽ ബിൽഡിംഗ് പരിസരത്ത് നിന്ന് വിമാനത്താവള പൊലീസാണ് നസീം അഹമ്മദിൽ നിന്ന് സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്നെത്തി കസ്റ്റംസിന്റെ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയതായിരുന്നു ഇയാൾ. കസ്റ്റംസ് പരിശോധനയിൽ ഒന്നും കണ്ടെത്തിയിരുന്നില്ല. വിമാനത്താവളം പ്രവർത്തനം തുടങ്ങിയ ശേഷം ആദ്യമായാണ് ഇവിടെ നിന്ന് പൊലീസ് സ്വർണം പിടികൂടുന്നത്.
കണ്ണൂർ വിമാനത്താവളത്തിൽ ഇന്നലെയും സ്വർണം പിടികൂടിയിരുന്നു. ഒരു കോടി 40 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് രണ്ട് യാത്രക്കാരിൽ നിന്നായി പിടികൂടിയത്. കാസർകോട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 849 ഗ്രാം സ്വർണവും പാനൂർ സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 1,867 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.