'ധൂർത്തും ധാരാളിത്തവും ദരിദ്രനാക്കി, അക്കൗണ്ടും കാലി': കൈയിലൊന്നുമില്ലെന്ന് റാണെ, മൊഴി വിശ്വസിക്കാതെ പൊലീസ്
സേഫ് ആൻഡ് സ്ട്രോംഗ് എന്ന തട്ടിപ്പ് കമ്പനിയുടെ ഫ്രാഞ്ചൈസി എടുത്താൽ 48 ശതമാനം പലിശ കിട്ടുമെന്ന വാഗ്ദാനങ്ങളിൽ വിശ്വസിച്ച് 150 കോടിക്കുമുകളിൽ നിക്ഷേപിച്ചവർക്ക് ഇരുട്ടടിയാണ് അറസ്റ്റിലായ റാണയുടെ മൊഴി.
തൃശ്ശൂർ: ധൂർത്തും ധാരാളിത്തവും തന്നെ ദരിദ്രനാക്കിയെന്ന് സേഫ് ആന്റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീൺ റാണയുടെ മൊഴി. വ്യാപാര പങ്കാളിക്ക് കടം നൽകിയ 16 കോടിയും അര ഏക്കർ സ്ഥലവുമാണ് ഇനി അവശേഷിക്കുന്നത്. 75,000 രൂപയ്ക്ക് വിവാഹ മോതിരം വിറ്റാണ് ഒളിവിൽ കഴിഞ്ഞതെന്നും പ്രതി മൊഴി നൽകി. റാണയുടെ മൊഴി മുഖവിലയ്ക്കെടുക്കാത്ത പൊലീസ് സുഹൃത്തുക്കൾ വഴി ഇയാൾ നടത്തിയ ബിനാമി നിക്ഷേപങ്ങളും പരിശോധിക്കുകയാണ്
സേഫ് ആൻഡ് സ്ട്രോംഗ് എന്ന തട്ടിപ്പ് കമ്പനിയുടെ ഫ്രാഞ്ചൈസി എടുത്താൽ 48 ശതമാനം പലിശ കിട്ടുമെന്ന വാഗ്ദാനങ്ങളിൽ വിശ്വസിച്ച് 150 കോടിക്കുമുകളിൽ നിക്ഷേപിച്ചവർക്ക് ഇരുട്ടടിയാണ് അറസ്റ്റിലായ റാണയുടെ മൊഴി. തന്റെ കൈയ്യിൽ ഒന്നുമില്ലെന്നും ബാങ്ക് അക്കൗണ്ടുകളെല്ലാം കാലിയാണെന്നുമാണ് റാണ പൊലീസിനോട് പറയുന്നത്. തൻ്റെ ധൂർത്തും ധാരാളിത്തവും തിരിച്ചടിച്ചെന്നും റാണ പറയുന്നു.
ബിസിനസ് പങ്കാളിയും സുഹൃത്തുമായ കണ്ണൂർ സ്വദേശി ഷൗക്കത്തിന് കടം നൽകിയ 16 കോടി, പാലക്കാട് വാങ്ങിയ 52 സെന്റ് സ്ഥലം, എന്നിവയാണിപ്പോൾ ആകെയുള്ളത്. ഒരു കൊല്ലം മുമ്പ് നടത്തിയ വിവാഹത്തിനും പൊടിച്ചത് കോടികൾ. നായകനാവാൻ സിനിമയെടുത്തും വലിയ തുക നഷ്ടപ്പെടുത്തി. അനുചരന്മാരെയും അംഗരക്ഷകരെയും തീറ്റിപോറ്റാനും ചിലവേറെയായി. കല്യാണ മോതിരം പണയം വച്ച് കിട്ടിയ 75000 രൂപയുമായാണ് ഒളിവിൽ പോയതെന്നും റാണ മൊഴി നൽകി.
എന്നാൽ ഇത് പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ഉറ്റ അനുചരന്മാരുടെ പേരിൽ ഒരു കൊല്ലം മുമ്പ് തന്നെ ബിനാമി നിക്ഷേപമാരംഭിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇത് സ്ഥിരീകരിക്കാനുള്ള തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം. അനൂപ്, മനീഷ്, മനോജ് എന്നീ വിശ്വസ്തരിലേക്കും അന്വേഷണം നീളുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാവും. അതിനിടെ ഉച്ചയോടെ റാണയുടെ അറസ്റ്റ് തൃശൂർ ഈസ്റ്റ് പൊലീസ് രേഖപ്പെടുത്തി.