കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ്; പോലീസുകാര്‍ക്ക് കൊവിഡ് പരിശോധന
രോഗം സ്ഥിരീകരിച്ച പൊലീസുകാരന്‍ രോഗ ലക്ഷണങ്ങളോടെ വെങ്ങോല സർക്കാർ ആശപത്രിയിലും സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
എറണാകുളം: കൊച്ചിയിൽ പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് സ്റ്റേഷനിലെ പത്തു പോലീസുകാരുടെ സ്രവ സാമ്പിൾ ശേഖരിച്ചു പരിശോധനക്ക് അയച്ചു. പോലീസുകാരനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ഭൂരിഭാഗം പേരെയും കണ്ടെത്തി ആരോഗ്യ വകുപ്പ് ക്വാറന്റീനിൽ ആക്കി.
പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 59 പേരിൽ 45പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.12 പേർ സർക്കാർ നിശ്ചയിച്ച ക്വാറന്റീൻ കേന്ദ്രത്തിലും. സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്തിരുന്ന
സമയത്ത് സമീപത്തു എ ആർ ക്യാമ്പിലുള്ള മെസ്സിൽ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു. അതിനാൽ എ ആർ ക്യാമ്പിലെ ഏഴു പേരെയും നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച പൊലീസുകാരന്‍ രോഗ ലക്ഷണങ്ങളോടെ വെങ്ങോല സർക്കാർ ആശപത്രിയിലും സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഈ സമയം രണ്ടിടത്തും ഡ്യൂട്ടി ചെയ്തിരുന്ന ഡോക്ടർ അടക്കം ഉള്ളവരോട് ക്വാറന്റീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഇവരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ പത്തു പൊലീസുകാരെ ആശുപത്രിയിൽ എത്തിച്ചു സ്രവം ശേഖരിച്ചു
ബാക്കി ഉള്ളവരുടെ പരിശോധനയും അടുത്ത ദിവസം നടത്തും.നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ട ഭൂരിഭാഗം പേരെയും കണ്ടെത്തിയതിനാൽ റൂട്ട് മാപ്പ് വേണ്ടി വരില്ലെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യ വകുപ്പിന്‍റെ ഇന്നത്തെ ഫീൽഡ് പരിശോധനക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.
മുഴുവൻ പോലീസുകാരും ക്വാറന്റീൻ ആയതിനെ തുടർന്ന് തൃക്കാക്കര സബ് ഡിവിഷനു കീഴിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരെ കളമശ്ശേരിയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചു. ഒപ്പം എ ആർ ക്യാമ്പിൽ നിന്നുള്ള പതിനച്ചു പേരെയും ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്. മെട്രോ പോലീസ് സ്റ്റേഷൻ സിഐ അനന്തലാലിനാണ് ചുമതല. പൊതു ജനങ്ങളെ തല്ക്കാലം പോലീസ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കില്ല.