അസ്ഫാഖ് മുമ്പ് സമാന കുറ്റം ചെയ്തിട്ടുണ്ടോ? ആലുവ കൊലപാതകത്തിൽ നിർണായക തെളിവുകൾ തേടി പൊലീസ്, കസ്റ്റഡിയിൽ വേണം
പ്രതിയെ ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് കൊച്ചിയിലെ പോക്സോ കോടതിയിൽ പ്രത്യേക അപേക്ഷ നൽകും
കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. പ്രതിയെ ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് കൊച്ചിയിലെ പോക്സോ കോടതിയിൽ പ്രത്യേക അപേക്ഷ നൽകും. കൃത്യത്തിൽ പ്രതിയുടെ കൃത്യമായ പങ്കാളിത്തമെന്ത് എന്നതും തെളിവുകൾ ശേഖരിക്കലുമാണ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങുന്നതിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്. അസ്ഫാക്ക് ആലം മുമ്പ് സമാനമായ കൊലപാതകം നടത്തിയുണ്ടോ, ആലുവ കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുമുണ്ട്. കസ്റ്റഡിയിൽ കിട്ടിയശേഷം സംഭവ സ്ഥലത്തുകൊണ്ടുപോയി തെളിവെടുപ്പും നടത്തും.
ആലുവയിലെ കുട്ടിയുടെ സംസ്കാര കർമ്മം ചെയ്തത് ഓട്ടോ ഡ്രൈവർ, 'പല പൂജാരികളെ സമീപിച്ചു, ആരും തയ്യാറായില്ല'
ആലുവയിലെ അഞ്ച് വയസുകാരിയുടെ അതിക്രൂര കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതിലടക്കം അന്വേഷണം നടത്തുമെന്ന് ഇന്നലെ ഡി ഐ ജി ശ്രീനിവാസ് വ്യക്തമാക്കിയിരുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുമെന്നും മറ്റ് ആർക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷിക്കുകയാണെന്നുമാണ് ഡി ഐ ജി ശ്രീനിവാസ് പറഞ്ഞത്. പ്രതി ബീഹാർ സ്വദേശിയാണെന്നും ആവശ്യമെങ്കിൽ ബീഹാറിൽ പോയി അന്വേഷിക്കുമെന്നും ഡി ഐ ജി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബീഹാറിൽ അസഫാഖ് ആലത്തിന്‍റെ പേരിൽ കേസുകളുള്ളതായി വിവരം കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേസിൽ കൂടുതൽ സാക്ഷികളെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും ഡി ഐ ജി ശ്രീനിവാസ് വിവരിച്ചിരുന്നു.
അതേസമയം പ്രതി അസഫാഖ് ആലത്തിനെ ഇന്നലെ ഉച്ചയോടെ ജയിലിലടച്ചിരുന്നു. ആലുവ സബ് ജയിലിലാണ് പ്രതിയിപ്പോൾ ഉള്ളത്. പ്രതി അസഫാഖ് കുഞ്ഞിനെ അതിക്രൂര പീഡനത്തിനിരയാക്കിയെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിലും ആന്തരീകാവയവങ്ങളിലും ഗുരുതരമുറിവുകളാണ് കണ്ടെത്തിയത്. ബലപ്രയോഗത്തിനിടെയുള്ള മുറിവുകളായിരുന്നു കുഞ്ഞുശരീരം മുഴുവൻ. കൊല നടത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30 യോടെയാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം