ഒളിച്ചിരുന്ന എസ്എഫ്ഐക്കാര്‍ അപ്രതീക്ഷിതമായി ചാടി വീണു ,ഗവർണറെ തടഞ്ഞതിൽ പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

വീഴ്ചകളെ കുറിച്ചുള്ള റിപ്പോർട്ടും എടുത്ത നടപടിയുമാണ്  ഗവർണർ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ടിരുന്നത്

police commissioner report says no failure from police on sfi protest against governor

തിരുവനന്തപുരം: ഗവർണറെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതിൽ പൊലിസിനെ വെള്ളപൂശി സിറ്റി പൊലിസ് കമ്മീഷണറുടെ റിപ്പോർട്ട്. മനപൂർവ്വമായ വീഴ്ച ഉണ്ടായില്ലെന്ന റിപ്പോർട്ടാണ് കമ്മീഷണർ  ഡിജിപിക്ക് നൽകിയത്  രാജ്ഭവനിൽ നിന്നു് വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ മൂന്നിടത്താണ് ഗവർണ്ണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചത് പാളയത്ത് വാഹനം തടഞ്ഞുവരെയായിരുന്നു പ്രതിഷേധം. എസ്എഫ്ഐ പ്രവർത്തകരെ നിയന്ത്രിക്കുന്നതിൽ പൊലിസിന് വീഴ്ച സംഭവിച്ചുവെന്നാണ് രാജ് ഭവൻെറ വിലയിരുത്തൽ. വീഴ്ചകളെ കുറിച്ചുള്ള റിപ്പോർട്ടും എടുത്ത നടപടിയുമാണ്  ഗവർണർ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ  സിറ്റി പൊലിസ് കമ്മീഷണർ റിപ്പോർട്ട്  പൊലീസിനെ വിമർശിക്കാതെയാണ്. ബോധപൂർവ്വമായ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സി എച്ച് നാഗരാജു ഡിജിപിയെ അറിയിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് വലിയ പൊലിസ് സുരക്ഷ നൽകിയിരുന്നു. പാളയത്ത് കടയ്ക്കുള്ളിൽ ഒളിച്ചിരുന്ന പ്രതികള്‍ അപ്രതീക്ഷിതമായി ചാടി വീണാണ് ഗവർണ്ണറുടെ കാറിൽ അടിച്ചതെന്നാണ് റിപ്പോർട്ട്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ഒഴിവാക്കാനാണ് ഇവിടെ ബാരിക്കേഡ് വെക്കാതിരുന്നതെന്നാണ് വിശദീകരണം. രണ്ട് പ്രതികൾ ആദ്യം പൈലറ്റ് വാഹനത്തിന് മുന്നിലേക്ക് ചാടി, ഇതോടെ വാഹനത്തിൻറെ വേഗം കുറക്കേണ്ടിവന്നു ഈ സമയം മറ്റ് പ്രതികൾ ഗവർണ്ണറുടെ കാറിനടുത്തെത്തി അടിച്ചെന്നാണ് റിപ്പോർട്ട്. സെക്കൻറുകൾക്കുള്ളിൽ പ്രതിഷേധിക്കാരെ മാറ്റി. അതേ സമയം പ്രതിഷേധക്കാർ നേരത്തെ പാളയത്തടക്കം നിലയുറപ്പിച്ചിട്ടും എന്ത് കൊണ്ട് മുൻകൂട്ടി കസ്റ്റഡിയിലെടുത്ത് മാറ്റിയില്ലെന്ന ചോദ്യം ബാക്കിയാണ്.

ഇനി മുതൽ ഗവർണ്ണറുടെ വാഹനം കടന്ന് പോകുമ്പോൾ ബാരിക്കേഡുകൾ വെച്ച് സുരക്ഷ കൂട്ടുന്ന കാര്യം രാജ്ഭവനുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് റിപ്പോർട്ട് നൽകിയത്.

Latest Videos
Follow Us:
Download App:
  • android
  • ios