സേഫ് ആൻഡ് സ്ട്രോങ്ങ് തട്ടിപ്പ്: മുഖ്യപ്രതി പ്രവീൺ റാണ കോയമ്പത്തൂരിൽ പിടിയിൽ
തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാൾ സംസ്ഥാനത്ത് നിന്നും മുങ്ങിയത്.
തൃശ്ശൂര്‍: സേഫ് ആൻഡ് സ്ട്രോങ്ങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് ഇയാൾ പൊലീസ് പിടിയിലായത്. തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാൾ സംസ്ഥാനത്ത് നിന്നും മുങ്ങിയത്. ഇയാളെ കേരത്തിലേക്ക് കൊണ്ടു വരികയാണ് എന്നാണ് വിവരം. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇതിനോടകം പരാതികൾ ലഭിച്ചിട്ടുണ്ട്. പ്രവീണ്‍ റാണ ഒളിവിൽ പോയതിന് പിന്നാലെ ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ നേപ്പാൾ അതിര്‍ത്തി വഴി രാജ്യം വിടാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ശക്തമാക്കുകയും ഇയാളുടെ സുഹൃത്തുകളെയെല്ലാം ചോദ്യം ചെയ്യുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.
കൊച്ചിയിലെ ഫ്ലൈ ഹൈ ബാർ, നവി മുംബൈയിലെ 1500 കോടിയുടെ പദ്ധതി, ബംഗലൂരരുവിലും പുണെയിലുമുളള ഡാൻസ് ബാറുകൾ , ഇങ്ങനെ നിരവധിയനവധിപ്പദ്ധതികളിൽ താൻ പണം മുടക്കിയെന്നാണ് റാണ അവകാശപ്പെട്ടിരുന്നത്. എന്നാൽ തൃശൂരിലെ സേഫ് ആന്‍റ് സ്ട്രോങ് കേന്ദ്ര ഓഫീസ് വിലാസത്തിൽ രജിസ്റ്റർ ചെയ്ത പല സ്ഥാപനങ്ങളും കടലാസ് കന്പനികളാണെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.
ഷെയറുകളുടെ രൂപത്തിൽ നിക്ഷേപ സമാഹരണത്തിനുളള വഴിയായിരുന്നു ഇതെല്ലാം. കൊച്ചിയിലെ ഫ്ലൈ ഹൈ ബാറിലെ നേരിട്ടുളള നിക്ഷേപത്തിൽ നിന്ന് റാണ പിൻമാറിയത് പൊലീസ് പരിശോധിക്കുന്നുണ്ട്. ബെനാമി നിക്ഷേപ സാധ്യതകളുടെ കണക്കുമെടുക്കുന്നുണ്ട്. എന്നാൽ പബ് അടക്കമുളള കേരളത്തിലെ പദ്ധതികൾക്ക് സംസ്ഥാന സർക്കാരിന്‍റെ സകല പിന്തുണയും ഉണ്ടായിരുന്നെന്നാണ് റാണ നിക്ഷേപകരോട് അവകാശപ്പെട്ടിരുന്നത്.
അതേസമയം സേഫ് ആൻറ് സ്ട്രോങ്' നിക്ഷേപത്തട്ടിപ്പിൽ പൊലീസ് കേസുകൾ പിൻവലിപ്പിക്കാനും നീക്കം നടന്നിരുന്നു. പരാതി പിൻവലിച്ചാൽ ചെക്കുകൾ നൽകാമെന്നായിരുന്നു പ്രതി പ്രവീൺ റാണയുടെ വാഗ്ദാനം. ഇടനിലക്കാരാണ് ഇക്കാര്യം ചില നിക്ഷേപകരെ അറിയിച്ചത്. പ്രവീൺ റാണ ജയിലിൽ പോയാൽ നയാ പൈസ കിട്ടില്ലെന്നും ഇടനിലക്കാർ പരാതിക്കാരെ അറിയിച്ചിട്ടുണ്ട്.
നേരത്തെ കൊച്ചിയിൽ വച്ച് പൊലീസിൻ്റെ മൂക്കിൻ തുമ്പത്ത് നിന്നാണ് റാണ രക്ഷപ്പെട്ടത്. കോടികൾ നിക്ഷേപം സ്വീകരിച്ച് മുങ്ങിയ റാണയ്ക്കായി തെരച്ചിൽ തെരച്ചിൽ തുടരുന്നതിനിടെയാണ് കൊച്ചി ചെലവന്നൂരിലെ സുഹൃത്തിൻറെ ഫ്ളാറ്റിൽ റാണയുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. രണ്ടു പൊലീസുകാരായിരുന്നു പരിശോധനയ്ക്കായെത്തിയത്. ഒരു ലിഫ്റ്റിൽ കയറി ഇരുവരും മുകളിലേക്ക് പോകുന്നതിനിടെ റാണ മറ്റൊരു ലിഫ്റ്റിൽ താഴെക്കിറങ്ങി. ഫ്ളാറ്റിൽ റാണയില്ലെന്ന് മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മറ്റൊരു കാറിൽ പ്രതി രക്ഷപെട്ടെന്ന് കണ്ടെത്തി. റാണയുടെ ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയക്കുകയും ചെയ്തു.
ട്രാഫിക് ദൃശ്യങ്ങൾ പരിശോധിച്ചതിൽ വാഹനം അങ്കമാലി ഭാഗത്തേക്കാണ് പോയതെന്നു വ്യക്തമായി. അങ്കമാലിയിൽ വച്ച് വാഹനം തടഞ്ഞു നിർത്തി പരിശോധന നടത്തിയെങ്കിലും റാണയുടെ സുഹൃത്തുക്കൾ മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. റാണയെ കലൂരിൽ ഇറക്കിവിട്ടെന്നാണ് ഇവർ നൽകിയ മൊഴി. ഫോൺ സ്വിച്ചോഫ് ആയതിനാൽ റാണയുടെ ലൊക്കേഷൻ കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല. റാണയുടെ നാലു കാറുകൾ പൊലീസ് പിടിച്ചെടുത്ത് തൃശൂരിലെത്തിച്ചിട്ടുണ്ട്.
കൊച്ചിയിലെത്തിയ റാണ മുൻ കൂർ ജാമ്യത്തിനായി അഭിഭാഷകരെ ബന്ധപ്പെട്ടതായും സൂചനകളുണ്ട്. വിവരമിച്ച പൊലീസ് ഉദ്യോഗസ്ഥർ ഒപ്പമുള്ളതിനാൽ വിവരങ്ങൾ പൊലീസിൽ നിന്ന് വിവരങ്ങൾ റണയ്ക്ക് ചോർന്നു കിട്ടുന്നുണ്ടോ എന്നും തൃശൂർ സിറ്റി പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ 22 കേസുകളാണ് നിക്ഷേപത്തട്ടിപ്പിൽ റാണയ്ക്കെതിരെ എടുത്തിരിക്കുന്നത്. വിവിധ ജില്ലകളിലെ റാണയുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നിരുന്നു. നാൽപത്തിയെട്ടു ശതമാനം പലിശ വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്ന് നിക്ഷേപം വാങ്ങിക്കൂട്ടിയാണ് റാണ മുങ്ങിയത്.