യുവം വേദിയിൽ അപർണ ബാലമുരളി, ആവേശം പകരാൻ നവ്യയുടെ ഡാൻസ്; ഉണ്ണി മുകുന്ദൻ, വിജയ് യേശുദാസ്, പ്രമുഖരുടെ നീണ്ടനിര
1.8 കിലോമീറ്റർ റോഡ് ഷോ നടത്തിയാകും പ്രധാനമന്ത്രി തേവര എസ് എച്ച് കോളെജില്‍ എത്തുക
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള യുവതയോട് സംവദിക്കുന്ന യുവം പരിപാടി ഗംഭീരമാക്കാൻ പ്രമുഖരും രംഗത്ത്. മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിക്കുന്ന യുവം 2023 പരിപാടിയിൽ രാഷ്ട്രീയ - സാംസ്‌കാരിക - സിനിമാ മേഖലയിലെ നിരവധി പ്രമുഖരാണ് പങ്കെടുക്കുന്നത്.
നടിമാരായ അപര്‍ണ ബാലമുരളി, നവ്യ നായര്‍, ഗായകന്‍ വിജയ് യേശുദാസ് തുടങ്ങിയവര്‍ യുവം പരിപാടിയുടെ ഭാഗമായി. നവ്യാ നായരുടേയും സ്റ്റീഫന്‍ ദേവസിയുടേയും കലാപരിപാടികള്‍ യുവം പരിപാടിയുടെ ഭാഗമായിട്ട് സംഘടിപ്പിച്ചിട്ടുണ്ട്. ഇവർക്കൊപ്പം സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, പ്രകാശ് ജാവദേക്കർ, അനിൽ ആന്‍റണി തുടങ്ങിയ പ്രമുഖരും ബി ജെ പി സംസ്ഥാന നേതാക്കളും പരിപാടിയുടെ ഭാഗമായിട്ടുണ്ട്.
ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് എത്തിയ ശേഷമാകും പ്രധാനമന്ത്രി യുവം പരിപാടിയിൽ പങ്കെടുക്കുക. വെണ്ടുരുത്തി പാലം മുതൽ 1.8 കിലോമീറ്റർ ദൂരം റോഡ് ഷോ നടത്തിയാകും പ്രധാനമന്ത്രി തേവര എസ് എച്ച് കോളേജില്‍ എത്തുക.
നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. യുവം സംവാദത്തിന് രാഷ്ട്രീയമില്ലെന്ന സന്ദേശമാണ് സുരേഷ് ഗോപി പങ്കുവച്ചത്. ഇക്കാര്യം പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നും സുരേഷ് ഗോപി ചൂണ്ടികാട്ടി.
അതേസമയം യുവം ഒരു ചരിത്രസംഭവമായി മാറുമെന്നാണ് ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ പറഞ്ഞത്. റോഡ് ഷോയിൽ ആളുകൾ വൻതോതിൽ കൊച്ചിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയെ വരവേൽക്കാൻ പാർട്ടി പ്രവർത്തകർ മാത്രമല്ല, സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ എത്തിച്ചേരുന്നുണ്ട്. ജനങ്ങൾക്ക് പ്രധാനമന്ത്രിയോടുള്ള വിശ്വാസവും പ്രതീക്ഷയും വർധിച്ചു വരുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ജനങ്ങൾ ഒന്നടങ്കം ഒഴുകി എത്തിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാൻ. റോഡ് ഷോയിൽ പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലേറെ ആളുകൾ എത്തിച്ചേരുന്നുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.