പ്രധാനമന്ത്രിയുടെ സന്ദർശനം: ടൂറിസം വകുപ്പ് ആവശ്യപ്പെട്ടത് 95 ലക്ഷം; ധനവകുപ്പ് നല്‍കിയത് 30 ലക്ഷം

കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് ദിവസം ചെലവഴിച്ച അദ്ദേഹം വലിയ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു

PM Kerala visit Tourism department bill 95 lakh finance department allows 30 lakh kgn

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ കേരളാ സന്ദർശനത്തിനായി കേരളാ ടൂറിസം വകുപ്പ് ആവശ്യപ്പെട്ടത് 95 ലക്ഷം രൂപ. ഈ മാസം 20 നാണ് ടൂറിസം ഡയറക്ടർ പ്രധാനമന്ത്രിയുടെ 24 മുതൽ 25 വരെയുള്ള 2 ദിവസത്തെ സന്ദർശനത്തിന് 95 ലക്ഷം ചെലവാകുമെന്നും തുക അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുഭരണ പൊളിറ്റിക്കൽ വകുപ്പിന് കത്ത് നൽകിയത്.  എന്നാല്‍ 30 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ച് ഉത്തരവിറക്കി. ടൂറിസം ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഫണ്ട് അനുവദിക്കണമെന്ന്  പൊളിറ്റിക്കൽ വകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടു. വിവിഐ പി സന്ദർശനത്തിന് ടൂറിസം വകുപ്പിന് 75 ലക്ഷം ബജറ്റിൽ ഈ സാമ്പത്തിക വർഷം വകയിരുത്തിയിട്ടുണ്ട്. എന്നിട്ടും 95 ലക്ഷം വേണമെന്നായിരുന്നു ടൂറിസം ഡയറക്ടറുടെ ആവശ്യം.  30 ലക്ഷം കൊടുത്താൽ മതിയെന്ന്  ധന മന്ത്രി ബാലഗോപാൽ ഉത്തരവിട്ടു. പ്രധാനമന്ത്രി എത്തിയ 24 ന് തന്നെ 30 ലക്ഷം അനുവദിച്ച് ഉത്തരവും ഇറങ്ങി. ചെലവുകൾ സംബന്ധിച്ച എല്ലാ രേഖകളും ഗവൺമെന്റിന് സമർപ്പിക്കണമെന്ന് ടൂറിസം ഡയറക്ടറോട് ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്. വിവിഐപികളുടെ സന്ദർശനത്തിന്റെ മറവിൽ ഫണ്ട് ദുരുപയോഗം ചെയ്യുണ്ടോയെന്ന് പരിശോധിക്കാനാണ് ചെലവിന്റെ എല്ലാ രേഖകളും സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. 

ഈ മാസം 24 ന് വൈകീട്ട് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കൊച്ചിയിൽ റോഡ് ഷോ നടത്തിയിരുന്നു. തുടർന്ന് ബിജെപി സംഘടിപ്പിച്ച യുവം പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം തുടർന്ന് കൊച്ചിയിൽ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തി. കൊച്ചി വില്ലിങ്ടൺ ഐലനറിലെ താജ് മലബാർ ഹോട്ടലിൽ താമസിച്ച അദ്ദേഹം 25 ന് രാവിലെ തിരുവനന്തപുരത്ത് എത്തിയിരുന്നു.

തിരുവനന്തപുരത്ത് സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ വെച്ച് വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങായിരുന്നു അദ്ദേഹത്തിന്റെ കേരളാ സന്ദർശനത്തിലെ പ്രധാന അജണ്ട. പിന്നീട് തിരുവനന്തപുരത്ത് വെച്ച് തന്നെ കൊച്ചി വാട്ടർ മെട്രോ പദ്ധതി, ഡിജിറ്റൽ സയൻസ് പാർക്ക് ഉദ്ഘാടനം, വിവിധ റെയിൽവെ സ്റ്റേഷനുകളുടെ വികസന പരിപാടികളും അദ്ദേഹം ഉദ്ഘാടനം ചെയ്തിരുന്നു. അന്ന് തന്നെ അദ്ദേഹം ദില്ലിയിലേക്ക് മടങ്ങുകയും ചെയ്തു.

പരിപാടിക്ക് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയത് വഴിയാണ് വിനോദ സഞ്ചാര വകുപ്പിന് 95 ലക്ഷത്തോളം രൂപ ചെലവായത്. ചെലവായ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ടൂറിസം വകുപ്പ് ഡയറക്ടർ ധനവകുപ്പിന് നേരത്തേ കത്ത് നൽകിയത്. 30 ലക്ഷം രൂപ അനുവദിച്ച സംസ്ഥാന ധനവകുപ്പ് അവശേഷിക്കുന്ന 65 ലക്ഷം രൂപ എപ്പോൾ അനുവദിക്കുമെന്നതിൽ ഇതുവരെ വ്യക്തതയില്ല.

Latest Videos
Follow Us:
Download App:
  • android
  • ios