എഴുതാത്ത പരീക്ഷയ്ക്ക് പാസ്, വ്യാജരേഖാ കേസ്: വിശദീകരണവുമായി പിഎം ആർഷോ
കുറ്റാരോപിതയായ വിദ്യ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ സുഹൃത്താണെന്നും വ്യാജരേഖ ചമച്ചതിൽ ആർഷോയ്ക്കും പങ്കുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്
കൊച്ചി: എഴുതാത്ത പരീക്ഷ പാസായ സംഭവത്തിലും വ്യാജരേഖ ചമച്ച് അധ്യാപികയാകാൻ ശ്രമിച്ച സംഭവത്തിലും പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. എഴുത്താത്ത പരീക്ഷയ്ക്ക് മാർക്ക് വന്നതെങ്ങനെ എന്ന് അറിയില്ലെന്നും പരീക്ഷ നടന്ന സമയത്ത് താൻ തിരുവനന്തപുരത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജാമ്യ വ്യവസ്ഥ പ്രകാരം എറണാകുളം ജില്ലയിൽ പ്രവേശിക്കാനാകുമായിരുന്നില്ല. പരീക്ഷ കൺട്രോളറോടാണ് മാർക്ക് വന്നത് എങ്ങനെയെന്ന് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മഹാരാജാസ് കോളേജ് വ്യാജ രേഖ വിവാദത്തിൽ തനിക്കെതിരായ ആരോപണം യുക്തിരഹിതവും അടിസ്ഥാനരഹിതവുമാണെന്ന് ആർഷോ വ്യക്തമാക്കി. കുറ്റാരോപിതയായ വിദ്യയെ അറിയാമെന്നും എന്നാൽ വ്യാജ രേഖയെ പറ്റി ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എംഎ ആർക്കിയോളജി മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാർക്കും ഇല്ലെങ്കിലും പിഎം ആർഷോ പാസായതായി രേഖപ്പെടുത്തിയിരിക്കുന്നത്. മഹാരാജസ് കോളേജിലെ ആർക്കിയോളജി ആന്‍റ് മെറ്റീരിയിൽ കൾച്ചറൽ സ്റ്റഡീസ് മൂന്നാം സെമസ്റ്റർ പരീക്ഷ മാർക്ക് ലിസ്റ്റിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. 2021 ലാണ് ആർഷോ അഡ്മിഷൻ നേടിയത്. 2022 ഡിസംബറിലായിരുന്നു പരീക്ഷ നടന്നത്.
മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥിനിയായ കാസർകോട് സ്വദേശി വിദ്യ കെയ്ക്ക് എതിരെയാണ് വ്യാജ രേഖ ചമച്ചെന്ന ആരോപണം ഉയർന്നിരിക്കുന്നത്. 2018 മുതൽ 2021 വരെ മഹാരാജാസ് കോളേജിൽ താത്കാലിക അധ്യാപികയായിരുന്നുവെന്നാണ് വ്യാജ രേഖ. പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയെടുത്ത ഈ സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് വിദ്യ പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ താൽകാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചതോടെ സംഭവം പുറത്തായി. മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് അട്ടപ്പാടി പൊലീസിന് കൈമാറും. കുറ്റാരോപിതയായ വിദ്യ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ സുഹൃത്താണെന്നും വ്യാജരേഖ ചമച്ചതിൽ ആർഷോയ്ക്കും പങ്കുണ്ടെന്നും ആരോപിച്ച് എറണാകുളം ഡിസിസി രംഗത്ത് വന്നിരുന്നു.
എഷ്യാനെറ്റ് ന്യൂസ് തത്സയം യൂട്യൂബിൽ കാണാം....