ട്രോളാനൊന്നും ഞാനില്ല; എല്ലാവർക്കും സുഖമല്ലേ...! പഴയ കാല ട്രോളൻമാരെ വിജയശതമാനം ഓർമ്മിപ്പിച്ച് അബ്ദുറബ്
താൻ മന്ത്രിയായിരുന്ന കാലത്ത് വിജയശതമാനം ഉയർന്നതിലെ ട്രോളുകളെ പരോക്ഷമായി വിമർശിക്കുന്ന നിലയിലാണ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്
മലപ്പുറം: സംസ്ഥാനത്തെ എസ് എസ് എൽ സി (SSLC Result 2022) വിജയശതമാനം ഉയർന്നതിൽ പ്രതികരണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്. വിജയിച്ച കുട്ടികളെ അഭിനന്ദിച്ച അബ്ദുറബ്, താൻ മന്ത്രിയായിരുന്ന കാലത്ത് വിജയശതമാനം ഉയർന്നതിലെ ട്രോളുകളെ പരോക്ഷമായി വിമർശിക്കുന്ന നിലയിലാണ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. 'കുട്ടികളെ നിങ്ങൾ പൊളിയാണെന്ന്' പറഞ്ഞ മുൻ വിദ്യാഭ്യാസ മന്ത്രി ട്രോളാനൊന്നും ഞാനില്ല എന്നും എല്ലാവർക്കും സുഖമല്ലേ എന്നും ചോദിച്ചാണ് പഴയ കാല വിമർശനങ്ങളെ ഓർമ്മിപ്പിച്ചത്.
അബ്ദുറബിന്‍റെ കുറിപ്പ്
SSLC വിജയശതമാനം 99.26
കുട്ടികളേ, നിങ്ങള് പൊളിയാണ്...
എല്ലാവർക്കും അഭിനന്ദനങ്ങൾ!
ട്രോളാനൊന്നും ഞാനില്ല.
എല്ലാവർക്കും സുഖമല്ലേ...!
നൂറുമേനി വിജയം നേടി 2134 സ്കൂളുകൾ; എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 44363 വിദ്യാർത്ഥികൾ
അതേസമയം ഈ വർഷത്തെ എസ്എസ്എൽസി ഫലം വൈകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപിച്ചത്. 99.26 ശതമാനം വിജയമാണ് ഇത്തവണ നേടിയിരിക്കുന്നത്. നൂറുമേനി നേടിയിരിക്കുന്നത് 2134 സ്കൂളുകളാണ്. സർക്കാർ 760. എയിഡഡ് 942 അൺഎയിഡഡ് 432 എന്നിങ്ങനെയാണ് നൂറുശതമാനം വിജയം നേടിയ സ്കൂളുകൾ. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 44363 വിദ്യാര്‍ത്ഥികളാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളുള്ളത്, 3024. ഏറ്റവും കൂടുതൽ വിജയ ശതമാനം നേടിയ ജില്ല കണ്ണൂരാണ്, 99.76 ശതമാനം.
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം