'യുഡിഎഫ് വിട്ടുപോയവരെയല്ല , ഇടതുമുന്നണിയിലെ അസംതൃപ്തരെയാണ് സ്വാഗതം ചെയ്യുന്നത്' പി ജെ ജോസഫ്
ആരെങ്കിലും വരാൻ തയാറായാൽ വിഷയം അപ്പോൾ മുന്നണിയിൽ ചർച്ച ചെയ്യും.
തൊടുപുഴ: ഇടതുമുന്നണിയിലെ അസംതൃപ്തരെ യുഡിഎഫിലേക്ക് എത്തിക്കണമെന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിര പ്രഖ്യാപനത്തില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചെയര്‍മാന്‍ പിജെ ജോസഫ്.
'യുഡിഎഫ് വിപുലീകരണം മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ല കോൺഗ്രസ് അവരുടെ അഭിപ്രായമാണ് പറഞ്ഞത്.ഇടതുമുന്നണിയിലെ ഒരു പാർട്ടിയും യുഡിഎഫിലേക്ക് വരുന്നതിനെ കുറിച്ച് അറിയില്ല.വരാൻ ആരെങ്കിലും തയ്യാറായാൽ സ്വാഗതം ചെയ്യും.കേരള കോൺഗ്രസ് എം ,എൽഡിഎഫിൽ അതൃപ്തർ ആണോ എന്ന കാര്യം അറിയില്ലയുഡിഎഫ് വിട്ടുപോയ വരെയല്ല ഇടതുമുന്നണിയിലെ അസംതൃപ്തരെയാണ് സ്വാഗതം ചെയ്യുന്നത്.ആരെങ്കിലും വരാൻ തയാറായാൽ വിഷയം അപ്പോൾ മുന്നണിയിൽ ചർച്ച ചെയ്യുമെന്നും' പി ജെ ജോസഫ് വ്യക്തമാക്കി,..
യുഡിഎഫിൽ നിന്ന് ആരെയും പറഞ്ഞു വിട്ടിട്ടില്ല, പോയവര്‍ കൃത്യമായ അജൻഡയുടെ അടിസ്ഥാനത്തിലാണ് പോയത്: മോന്‍സ് ജോസഫ്
മുന്നണി വിട്ടുപോയവരെ തിരികെ കൊണ്ടുവരണമെന്നും, എല്‍ഡിഎഫിലെ അസംതൃപ്തരായ കക്ഷികളുടെ സാഹചര്യം പ്രയോജനപ്പെടുത്തുകയും വേണമെന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് രംഗത്ത്.
'എൽഡിഎഫിലെ അതൃപ്തർ ആരെന്ന് കേരള കോൺഗ്രസിന് അറിയില്ല.അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അത് കെ പി സി സി വ്യക്തമാക്കട്ടെ.യു ഡി എഫ് അടിത്തറ വിപുലീകരിക്കേണ്ടതുണ്ട്.നിലവിൽ ഒരു ചർച്ചകളും യുഡിഎഫിൽ നടന്നിട്ടില്ല.അഭിപ്രായം പറയേണ്ട ഘട്ടത്തിൽ പാർട്ടി ചെയർമാൻ അഭിപ്രായം പറയും.തൽക്കാലം അനാവശ്യ ചർച്ചകൾക്കില്ല.യുഡിഎഫിൽ നിന്ന് ആരെയും പറഞ്ഞു വിട്ടിട്ടില്ല.യു ഡി എഫിൽ നിന്ന് പോയവരെല്ലാം കൃത്യമായ അജൻഡയുടെ അടിസ്ഥാനത്തിലാണ് പോയത്' അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുഡിഎഫല്‍ തൃപ്തരല്ലെന്നും ഇടതു മുന്നണിയിലേക്ക് മടങ്ങാന്‍ നീക്കം നടത്തുന്നുമുണ്ടെന്ന ഊഹാപോഹങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് മോന്‍സ് ജോസഫിന്‍റെ ഈ പ്രതികരണം എന്നത് ഏറെ ശ്രദ്ധേയമാണ്.
യുഡിഎഫ് അടിത്തറ വിപുലീകരണത്തിന് പ്രാധാന്യം: വി ഡി സതീശൻ
യുഡിഎഫ് അടിത്തറ വിപുലീകരണത്തിന് പ്രാധാന്യം നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇടത് മുന്നണിയിൽ സിപിഎമ്മിന്റെ തീവ്ര വലത് പക്ഷ നിലപാടിൽ അസ്വസ്ഥതയുള്ളവരുണ്ട്. അവരെയെത്തിച്ച് മുന്നണിയെ വിപൂലീകരിക്കും. ഏതൊക്കെ പാർട്ടികൾ മുന്നണിയിലേക്ക് വരുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കോഴിക്കോട്ട് ചിന്തൻ ശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണി വിപുലീകരണം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക യുഡിഎഫ് ആണെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു മുന്നണിയെ നയിക്കുന്ന കക്ഷിയെന്ന നിലയില്‍ ആരെയും സ്വാഗതം ചെയ്യാന്‍ കോണ്‍ഗ്രസിന് അവകാശമുണ്ട്. ഏതെങ്കിലും കക്ഷിയുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയോ എന്നറിയില്ല. ഇടതു മുന്നണിയില്‍ സിപിഐ ഉള്‍പ്പെടെ അസ്വസ്ഥരാണ്. സിപിഎം ഒഴികെയുള്ള എല്‍ഡിഎഫിലെ എല്ലാ പാര്‍ട്ടികളേയും മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മുനീര്‍ കോഴിക്കോട് പറഞ്ഞു.