സംസ്ഥാനത്ത് ഇനി ഗ്രീൻ സോണില്ല, ഇടുക്കിയും കോട്ടയവും ഓറഞ്ച് സോണിലേക്ക്
ഓറഞ്ച് സോണിലെ ഹോട്സ്പോട്ടുകൾ ജില്ലാ ഭരണകൂടങ്ങൾ തീരുമാനിക്കും. ഇവ അടച്ചിടും. റോഡ് സോണിൽ കർശന നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി.
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകൾ കൂടി കൊവിഡ് ഓറഞ്ച് സോണിന്റെ പട്ടികയിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഇടുക്കി, കോട്ടയം ജില്ലകളാണ് ഓറഞ്ച് സോണിലേക്ക് മാറ്റുക. ഇരു ജില്ലകളും നേരത്തെ ഗ്രീൻ സോണിലായിരുന്നു. ഇതോടെ കേരളത്തിലെ 10 ജില്ലകൾ ഓറഞ്ച് സോൺ പട്ടികയിലാകും. അതേസമയം കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ റെഡ് സോണിൽ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റെഡ് സോണായ കണ്ണൂരിൽ 2592 ഉം, കാസർകോട് 3126 ഉം കോഴിക്കോട് 2770 ഉം മലപ്പുറത്ത് 2465 ഉം പേരും നിരീക്ഷണത്തിലുണ്ട്. മറ്റ് ജില്ലകൾ ഓറഞ്ച് സോണിലാവും. റെഡ് സോണായി കണക്കാക്കുന്ന നാല് ജില്ലകളിലും നിലവിൽ ഉള്ളത് പോലെ കർശന നിയന്ത്രണങ്ങൾ തുടരും. നേരത്തെ പോസിറ്റീവ് കേസില്ലാതിരുന്നതിനാൽ കോട്ടയം, ഇടുക്കി ജില്ലകളിൽ ഇളവ് നൽകിയിരുന്നു. ഇന്ന് ഈ രണ്ട് ജില്ലകളിലും പോസിറ്റീവ് കേസുകൾ വന്നതിനാൽ ഇവയെ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ചിലേക്ക് മാറ്റുന്നുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഓറഞ്ച് സോണിലെ ഹോട്സ്പോട്ടുകൾ അടച്ചിടും. ഓറഞ്ച് മേഖലയിലെ ജില്ലകളിൽ ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകളെ ഒരു യൂണിറ്റായി എടുക്കും. ഇവ അടച്ചിടും. മുനിസിപ്പൽ അതിർത്തിയിൽ വാർഡുകളാണ് യൂണിറ്റ്. കോർപ്പറേഷനുകളിൽ ഡിവിഷനുകളാണ് യൂണിറ്റ്. ആ വാർഡുകളും ഡിവിഷനുകളുമാണ് മുനിസിപ്പൽ, കോർപ്പറേഷൻ അതിർത്തികളിൽ അടച്ചിടും. തദ്ദേശഭരണസ്ഥാപനങ്ങളിൽ ഏതൊക്കെ പ്രദേശം ഹോട്സ്പോട്ടുകളാണെന്ന് ജില്ലാ ഭരണകൂടങ്ങൾ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.