സിംഗപ്പൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായിൽ, മെയ് 20ന് കേരളത്തിൽ മടങ്ങിയെത്തും
ഇന്ന് മന്ത്രിസഭാ യോഗത്തിൽ ദുബൈയിൽ നിന്ന് ഓൺ ലൈൻ വഴിയാണ് മുഖ്യമന്ത്രി പങ്കെടുത്തത്
തിരുവനന്തപുരം:സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ ദുബായിൽ എത്തി. ദുബായിൽ നിന്ന് ഓൺലൈൻ വഴിയാണ് ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. വരുന്ന തിങ്കളാഴ്ച സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.നേരത്തെ 22ന് മടങ്ങാൻ ആയിരുന്നു തീരുമാനം. 20ന് കേരളത്തില്‍ എത്തുമെന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. നിയമസഭ സമ്മേളനം ചേരുന്ന തീയതി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനം എടുത്തില്ല. മുഖ്യമന്ത്രി കേരളത്തില്‍ എത്തിയതിനു ശേഷം അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ വിദേശ യാത്രക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്ത് വിന്നിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാല്‍ അതീവ രഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല. ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്നു പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മറ്റു സംസ്ഥാനങ്ങളിലെ പ്രചാരണത്തിന് പോകാതെയാണ് സിപിഎമ്മിന്‍റെ ഏക മുഖ്യമന്ത്രി വിദേശത്ത് പോയത്. ബിജെപിയേ പേടിച്ചാണോ പ്രചാരണത്തിന് ഇറങ്ങാത്തതെന്നും സതീശന്‍ പരിഹസിച്ചു.