എൽഡിഎഫിന് സെഞ്ച്വറി നൽകി തൃക്കാക്കര പറ്റിയ അബദ്ധം തിരുത്തും; കെ റെയിലും ചർച്ചയാക്കി മുഖ്യമന്ത്രി

സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനും സ്ഥാനാര്‍ത്ഥി ജോ ജോസഫും എൽഡിഎഫിലേയും സിപിഎമ്മിലേയും മറ്റു നേതാക്കളും കണ്‍വൻഷൻ വേദിയിലുണ്ടായിരുന്നു. 

Pinarayi in thrikkakara

തൃക്കാക്കര: ഉപതെരഞ്ഞെടുപ്പിൽ കേരളം ആഗ്രഹിച്ച പോലെ തൃക്കാക്കര മണ്ഡലം പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൻ്റെ വേവലാതി യുഡിഎഫ് ക്യാംപിൽ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് കണ്‍വൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അമേരിക്കൻ സന്ദ‍ര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ പൊതുപരിപാടിയാണ് തൃക്കാക്കരയിലേത്. സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനും സ്ഥാനാര്‍ത്ഥി ജോ ജോസഫും എൽഡിഎഫിലേയും സിപിഎമ്മിലേയും മറ്റു നേതാക്കളും കണ്‍വൻഷൻ വേദിയിലുണ്ടായിരുന്നു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ - 

തൃക്കാക്കരയ്ക്ക് അസുലഭ സന്ദർഭം ആണ് ഉയർന്നു വന്നിട്ടുള്ളത്. ഉപതെരെഞ്ഞെടുപ്പിൽ കേരളത്തിന്റെ ആഗ്രഹം പോലെ ഈ മണ്ഡലം പ്രതികരിക്കും.അതിൻ്റെ വേവലാതി യുഡിഫ് ക്യാമ്പിൽ ഉയർന്നു വന്നിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ട്. സാധാരണ ഇതുപോലെ ഒരു ഉപതെരഞ്ഞെടുപ്പിന് ഇത്തരം പ്രാധാന്യം ഉണ്ടാകാറില്ല. രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യമാണ്  അതിന് കാരണം. ഭരണഘടനാ മൂല്യങ്ങൾക്ക് വില നല്കാത്ത സാഹചരര്യം ഈ രാജ്യത്തുണ്ട്. 

വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി കോൺഗ്രസിൽ നിന്ന് ഉണ്ടാകുന്നു. രാജ്യത്തെ ജനനങ്ങളുടെ ആഗ്രഹത്തിന് ഒത്തു പ്രവർത്തിക്കാൻ ആ പാര്‍ട്ടിക്ക് ആകുന്നില്ല. കോൺഗ്രസ്സ് പാര്‍ട്ടി വർഗീയതയോട് സമരസപ്പെട്ടിരിക്കുന്നു. കോൺഗ്രസ്സിന് മതനിരപേക്ഷത സംരക്ഷിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം. രാജ്യത്ത് ന്യൂനപക്ഷം ആശങ്കയിലാണ്. കോൺഗ്രസിന് വർഗീയതയെ തടയാൻ ആകുന്നില്ല. ബിജെപി ഉയർത്തുന്ന സമ്പത്തിക ഭീഷണിക്കും, വർഗീയതയ്ക്കും ബദൽ ആകാൻ കോൺഗ്രസിന് കഴിയുന്നില്ല. ഇതിനായി ഒരു ബദൽ ആണ് ഉയർത്തേണ്ടത്. സംസ്ഥാന പരിമിതിയിൽ നിന്ന് ബദൽ ആകാനാണ് സർക്കാർ ശ്രമിക്കുന്നത്.

കോൺഗ്രസ്സ് വർഗീയതയോടെ സന്ധി ചെയ്യുന്ന നിലയാണുള്ളത്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇടത് മുന്നണിയെ തോല്പിക്കാൻ ഹീനമായ മാർഗങ്ങൾ അവ‍ര്‍ സ്വീകരിച്ചു. നേരിനും ശരിക്കും ചേരാത്ത പ്രചരണം അവരിൽ നിന്നും ഉണ്ടായി. അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടായി, ബിജെപി യും കോണ്ഗ്രസും ഒരുമിച്ചു നീങ്ങുന്ന നിലയുണ്ടായി. പറ്റിപ്പോയ അബദ്ധം തിരുത്താനുള്ള സമയം ഇപ്പോൾ തൃക്കാക്കരയ്ക്ക് കൈവന്നിട്ടുണ്ട്. തൃക്കാക്കരയിൽ ഇടത് സ്ഥാനാ‍ര്‍ത്ഥിക്ക് വിജയം നൽകി എൽഡിഎഫിന് സെഞ്ച്വറി അടിപ്പിക്കാനുള്ള അവസരം ഉണ്ടാക്കണം. 

നാടിൻ്റെ പുരോഗതിക്കായി കൊണ്ടു വരുന്ന ഒരു പദ്ധതിയേയും അനുകൂലിക്കാൻ പ്രതിപക്ഷത്തിനായില്ല. കൊച്ചി മെട്രോ വികസനത്തിന്‌ കേന്ദ്രത്തിൽ നിന്നും വേണ്ട ഒരു സഹായവുമില്ല. വികസനത്തിന്‌ വേഗത ഇല്ല. എന്നാൽ  ഇക്കാര്യത്തിൽ എറണാകുളത്ത് നിന്നും പോയ എംപിയ്ക്ക് ഒരു പ്ലാകാർഡ് ഉയർത്തി പോലും പ്രതിഷേധിക്കാൻ കഴിഞ്ഞില്ല.

Latest Videos
Follow Us:
Download App:
  • android
  • ios