ത്രില്ലർ പോരാട്ടം, ഉദ്വേഗം മാറിമറിഞ്ഞ ആറ്റിങ്ങലും തിരുവനന്തപുരവും; ഒടുവിൽ ചിരി അടൂർ പ്രകാശിനും ശശി തരൂരിനും
എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളെ ഏത് നിമിഷവും മറികടക്കുമെന്ന് തോന്നിപ്പിച്ച് എൻഡിഎ സ്ഥാനാർഥി വി മുരളീധരനും ശക്തമായ മത്സരം കാഴ്ചവെച്ചതോടെ ചങ്കിടിപ്പ് വർധിപ്പിച്ചു.
ജയസാധ്യതകൾ മാറിമറിയുന്ന ട്വന്റി20 ക്രിക്കറ്റ് മത്സരം പോലെയായിരുന്നു ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടെണ്ണൽ. തുടക്കം മുതൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഓരോ മണിക്കൂറിലും എൽഡിഎഫ് സ്ഥാനാർഥി വി ജോയിയും യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെയും വോട്ടുനില മാറിമറിഞ്ഞുകൊണ്ടിരുന്നു. തിരുവനന്തപുരത്തും സമാനമായിരുന്നു സ്ഥിതി. കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരും ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും ലീഡ് നില മാറിയും മറിഞ്ഞും ആകാംക്ഷ വർധിപ്പിച്ചു. ആറ്റിങ്ങലിലായിരുന്നു ത്രികോണ പോരാട്ടം.
എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളെ ഏത് നിമിഷവും മറികടക്കുമെന്ന് തോന്നിപ്പിച്ച് എൻഡിഎ സ്ഥാനാർഥി വി മുരളീധരനും ശക്തമായ മത്സരം കാഴ്ചവെച്ചതോടെ ചങ്കിടിപ്പ് വർധിപ്പിച്ചു. രാജ്യം തന്നെ ഉറ്റുനോക്കിയ മണ്ഡലമായിരുന്നു തിരുവനന്തപുരം. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട രണ്ട് നേതാക്കൾ മുഖാമുഖം വരുന്നു. തെരഞ്ഞെടുപ്പിന് മുമ്പേയുള്ള ഹൈപ്പ് വോട്ടെണ്ണലിലും തുടർന്നുവെന്നതും ശ്രദ്ധേയമാണ്. തുടക്കത്തിൽ നേരിയ മാർജിനിൽ ശശി തരൂർ ആധിപത്യം തുടർന്നെങ്കിലും ഉച്ചയോടെ രാജീവ് ചന്ദ്രശേഖരൻ ലൈംലൈറ്റിൽ വന്നു. ലീഡ് പതിനായിരവും ഇരുപതിനായിരവും കടക്കുക മാത്രമല്ല, ഏറെ നേരം നിലനിർത്താനും അദ്ദേഹത്തിന് സാധിച്ചു.
അതോടെ യുഡിഎഫ് ക്യാമ്പിൽ ആശങ്കകളും നെടുവീർപ്പുകളുമുയർന്നു. തീരമേഖല കൂടി തുണച്ചാൽ ചരിത്ര വിജയം നേടാമെന്ന മോഹം ബിജെപി ക്യാമ്പിൽ ഉദിച്ചു. എന്നാൽ, എക്കാലവും തരൂരിനെ തുണയ്ക്കുന്ന തീരമേഖല ഇക്കുറിയും പിടിവിടാതിരുന്നതോടെ ലീഡിലേക്ക് അദ്ദേഹം തിരിച്ചെത്തി. അവസാന റൗണ്ടുകളിൽ തിരിച്ചുപിടിച്ച ലീഡ് തന്റെ വിജയം പ്രഖ്യാപിക്കുന്നതുവരെ വിട്ടുകൊടുക്കാതിരിക്കാനും 15000ത്തിന് മുകളിൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ത്രില്ലർ വിജയവും ശശി തരൂർ പിടിച്ചെടുത്തു. ആറ്റിങ്ങലിൽ പൊരിഞ്ഞ പോരാട്ടമായിരുന്നു.
ഏറ്റവും ഒടുവിൽ വോട്ടെണ്ണി തീർന്നതും ആറ്റിങ്ങലിൽ തന്നെ. നേരിയ ഭൂരിപക്ഷം മിനിറ്റുകളിൽ മാറിമറിഞ്ഞുകൊണ്ടിരുന്നു. ഇടക്കിടെ ഭൂരിപക്ഷം അയ്യായിരം വോട്ടിന് മുകളിൽ പോയെങ്കിലും അതുപോലെ തന്നെ താഴോട്ടും വന്ന് ആയിരത്തിന് താഴെയായി ഏറെ നേരം നിലയുറപ്പിച്ചത് ആശങ്കയായി. കടുത്ത മത്സരമുയർത്തി വി മുരളീധരനും തൊട്ടുപിന്നിൽ നിലയുറപ്പിച്ചു. ഓരോ വോട്ടും നിർണായകമായ നിമിഷങ്ങൾ കടന്നുപോയി. അവസാന റൗണ്ടിന് തൊട്ടുമുമ്പുവരെ വി ജോയി മുന്നിൽ നിന്നു. യുഡിഎഫിന്റെ നെഞ്ചിടിച്ച നിമിഷങ്ങൾ. ജോയിയോ.... പ്രകാശോ ആര് ജയിക്കുമെന്ന ഉത്കണ്ഠ കൊടുമുടി കേറിയ നിമിഷങ്ങൾ.
പിന്നീട് എണ്ണാനുള്ളത് യുഡിഎഫിന് അനുകൂലമായ ബൂത്തുകളാണെന്ന ആശ്വാസം മാത്രമായിരുന്നു ബാക്കി. കരുതിയത് പോലെ അവസാന റൗണ്ടിൽ ജോയിയെ വെറും 685 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അടൂർ പ്രകാശ് വിജയമുറപ്പിച്ചു. എൽഡിഎഫ് പരാതിയിൽ വീണ്ടും കൗണ്ടിങ്. എന്നാൽ, 684 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അടൂർ പ്രകാശ് ജയിച്ചെന്ന അറിയിപ്പ് വന്നു.