'അരവണയ്ക്ക് ഉപയോഗിക്കുന്ന ഏലക്കായിൽ കീടനാശിനിയുണ്ടെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നത്,സമഗ്ര അന്വേഷണം നടത്തണം'

വിഷാംശം കണ്ടെത്തിയതിനെത്തുടർന്ന് ഏഴു ലക്ഷം ടൺ അരവണയാണ് നശിപ്പിച്ചത്. ഇതിന്റെ നഷ്ടം ഉത്തരവാദികളായവരിൽനിന്ന് ഈടാക്കണമെന്നും രമേശ് ചെന്നിത്തല

pesticide in cardamom used for Aravana is shocking, a comprehensive investigation should be conducted

തിരുവനന്തപുരം:ശബരിമലയിൽ വിതരണം  ചെയ്യുന്ന അരവണയിൽ ചേർക്കുന്ന ഏലക്കയില്‍  കീടനാശിനിയുണ്ടെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിഷാംശം കണ്ടെത്തിയതിനെത്തുടർന്ന് ഏഴു ലക്ഷം ടൺ അരവണയാണ് നശിപ്പിച്ചത്. ഇതിന്‍റെ  നഷ്ടം ഉത്തരവാദികളായവരിൽനിന്ന് ഈടാക്കണം.ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വാങ്ങിക്കൊണ്ടുപോകുന്ന അരവണയിൽ   കീടനാശിനി കണ്ടെത്തിയതിൻ്റെ ഞെട്ടലിലാണിപ്പോൾ വിശ്വാസി സമൂഹം.   ഹൈക്കോടതി പരിശോധിച്ചില്ലായിരുന്നെങ്കിൽ ഇക്കാര്യം പുറത്തുവരില്ലായിരുന്നു. ഈ സാഹചര്യത്തിൽ അരവണയ്ക്ക് ഉപയോഗിക്കുന്ന ശർക്കര ഉൾപ്പെടെയുള്ള  എല്ലാ സാധനങ്ങളുടെയും ഗുണനിലവാരം പരിശോധിക്കേണ്ടിയിരിക്കുന്നു. 

സാധാരണ ഗുണനിലവാര പരിശോധനയ്ക്ക്  ശേഷമാണ് ബോർഡ് ഇത്തരം സാധനങ്ങൾ വാങ്ങാൻ അനുമതി നൽകാറുള്ളത്.  വേണ്ടപ്പെട്ട ആർക്കോവേണ്ടിയാണ് ഇപ്പോൾ പരിശോധന കൂടാതെ ഏലക്കാ വാങ്ങി വിശ്വാസികളെ വഞ്ചിച്ചിരിക്കുന്നത്. ഇതിന് പിന്നിൽ വൻ അഴിമതിയുണ്ട്. ഇതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. ഇക്കാര്യത്തിൽ അടിയന്തിരമായി സർക്കാർ ഇടപെടണം. കോടിക്കണക്കിന് രൂപ വരുമാനമുള്ള ശബരിമലയെ കൊള്ളയടിക്കുകയാണ് ദേവസ്വം ബോർഡ്. അതിന് ഒത്താശ ചെയ്യുകയാണ് സർക്കാർ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമലയിൽ അരവണയ്ക്കായി നീണ്ട ക്യൂ തുടരുന്നു. മണിക്കൂറുകളോളം കാത്തുനിന്നാലാണ് തീർത്ഥാടകർക്ക് അരവണ കിട്ടുന്നത്. എല്ലാവർക്കും അരവണ ഉറപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പറയുന്നുണ്ടെങ്കിലും വിതരണത്തിന് കൂടുതൽ കൌണ്ടറുകൾ തുറക്കാത്തതിൽ പ്രതിഷേധത്തിലാണ് തീർത്ഥാടകർ. തിരക്ക് കൂടുന്നതോടെ ഇനിയും കാര്യങ്ങൾ വഷളാകാനാണ് സാധ്യത. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏഴ് ലക്ഷത്തിലധികം വരുന്ന ടിൻ അരവണ ഇന്നലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് സീൽ ചെയ്ത് ഗോഡൌണിലേക്ക് മാറ്റിയിരുന്നു. എടുത്ത നടപടികളെക്കുറിച്ച് ഉടൻ സന്നിധാനത്തെ ഭക്ഷ്യ സുരക്ഷാ ഓഫീസർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. 

ഇനി കീടനാശിനി പേടിയില്ല; ശബരിമലയിൽ ഏലക്കയില്ലാത്ത അരവണ വിതരണം തുടങ്ങി

Latest Videos
Follow Us:
Download App:
  • android
  • ios