നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കോടതി വിധി കേള്‍ക്കാൻ നിയമവിദ്യാര്‍ത്ഥിനിയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു. നീതി കിട്ടിയെന്നും പ്രതി ചെയ്ത് ക്രൂരതയ്ക്ക് അര്‍ഹമായ ശിക്ഷ കിട്ടിയെന്നും നിയമ വിദ്യാര്‍ത്ഥിനിയുടെ അമ്മ പ്രതികരിച്ചു.

Perumbavoor Jisha murder case, accused Ameerul Islam appeal rejected, High Court upheld the death sentence passed by the trial court

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച നിര്‍ണായക വിധി പറഞ്ഞത്. കേസില്‍ നിന്നും കുറ്റവിമുക്തനാക്കി വെറുതെവിടണമെന്ന പ്രതിയുടെ ആവശ്യവും ഹൈക്കോടതി തള്ളി.വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ അപേക്ഷയാണ് ഹൈക്കോടതി അംഗീകരിച്ചത്. 

കേസില്‍ ഡിഎന്‍എയും മറ്റു ശാസ്ത്രീയ തെളിവുകളുമാണ് നിര്‍ണായകമായത്. ഡിഎന്‍എ സാമ്പിളുകള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ വിശ്വസിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വീടിന്‍റെ വാതില്‍ കട്ടിലയില്‍ നിന്നും പെണ്‍കുട്ടിയുടെ ചുരിദാറില്‍ നിന്നും കണ്ടെത്തിയ രക്ത സാമ്പിളുകള്‍ തെളിവായി എടുക്കാമെന്നും കോടതി ഉത്തരവില്‍ ചൂണ്ടികാട്ടി.

കോടതി വിധി കേള്‍ക്കാൻ നിയമവിദ്യാര്‍ത്ഥിനിയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു. നീതി കിട്ടിയെന്നും പ്രതി ചെയ്ത് ക്രൂരതയ്ക്ക് അര്‍ഹമായ ശിക്ഷ കിട്ടിയെന്നും നിയമ വിദ്യാര്‍ത്ഥിനിയുടെ അമ്മ പ്രതികരിച്ചു.സൗമ്യ വധക്കേസില്‍ ആളൂര്‍ വക്കീലാണ് ഗോവിന്ദച്ചാമിക്കായി ഹാജരായത്. തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഇത്രയും കാലവും മോള്‍ക്ക് വേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്. അവള്‍ക്ക് നീതി കിട്ടാനായിരുന്നു പ്രാര്‍ത്ഥന. ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി ഉണ്ടായതില്‍ സന്തോഷമുണ്ടെന്നും അമ്മ പറഞ്ഞു.

കൊലപാതകം, ബലാൽസംഗം,അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയകുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ അപ്പീലിലെ വാദം. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ടത്.

കേസിന്‍റെ നാൾ വഴി

2016 ഏപ്രിൽ 28: രാത്രി എട്ടു മണിയോടെ പെരുമ്പാവൂർ കുറുപ്പംപടിയിലെ കനാൽ പുറമ്പോക്കിലുളള ഒറ്റമുറി ഷെഡിൽ നിയമവിദ്യാര്‍ത്ഥിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

2016 ഏപ്രിൽ 30: പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.

2016 മെയ് 4: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും ശരീരത്തിൽ 38 മുറിവുകൾ ഉണ്ടായിരുന്നു എന്നും കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് പെരുമ്പാവൂർ ഡിവൈഎസ്പി: അനിൽകുമാറിനെ ഒഴിവാക്കി ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി: എ.ബി. ജിജിമോനു ചുമതല നൽകി.

2016 മെയ് 8:  നിർമാണ തൊഴിലാളികൾ ധരിക്കുന്ന തരം ചെരുപ്പ്  വിദ്യാര്‍ത്ഥിനിയുടെ വീടിന്റെ പരിസരത്തുനിന്നു പൊലീസ് കണ്ടെത്തി.

2016 മെയ് 10: വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയത് മുൻനിരയിലെ പല്ലിന് വിടവുളളയാളാണെന്ന ഫൊറൻസിക് നിഗമനം പുറത്ത്.

2016 മെയ് 14: കൊലയാളിയുടെ ഡിഎൻഎ വിവരങ്ങൾ പൊലീസിനു കിട്ടി. എന്നാൽ നിലവിൽ സംശയമുണ്ടായിരുന്ന ആരുമായും ഈ ഡിഎൻഎ ചേർന്നില്ല.

2016 മെയ് 16: പ്രതി നിർമാണ തൊഴിലാളി തന്നെയെന്ന് ഉറപ്പിക്കുന്നു. ഘാതകരെ തേടി പൊലീസ് സംഘം ബംഗാളിലെ മൂർഷിദാബാദിലേക്ക്.

2016 െമയ് 19: കേസുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തു.

2016 മെയ് 28: നിലവിലുണ്ടായിരുന്ന അന്വേഷണ സംഘത്തെ മാറ്റാൻ പിണറായി മന്ത്രിസഭയുടെ തീരുമാനം. എഡിജിപി: ബി.സന്ധ്യയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം നിലവിൽ വന്നു.

2016 മെയ് 31:  വിദ്യാര്‍ത്ഥിനിയുടെ കൈവിരലിൽ നിന്ന് ലഭിച്ച ഡിഎൻഎയ്ക്കും വസ്ത്രത്തിൽ നിന്ന് ലഭിച്ച ഉമിനീരിലെ ഡിഎൻഎയ്ക്കും തമ്മിൽ സാമ്യമുണ്ടെന്നു കണ്ടെത്തൽ.

2016 ജൂൺ 2: പ്രതിയെന്നു കരുതുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.

2016 ജൂൺ 13: മരണവുമായി ബന്ധപ്പെട്ട് നിയമവിദ്യാര്‍ത്ഥിനിയുടെ വീടിന് പരിസരത്തുളള ഇതര സംസ്ഥാന തൊഴിലാളികളെ  വിശദമായി ചോദ്യം ചെയ്യുന്നു. 25 പേരെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കുറിച്ചുളള കൃത്യമായ സൂചനയും ലഭിച്ചു.

2016 ജൂൺ 14: പ്രതിയായ അമീറുൽ ഇസ്‌ലാമിനെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റുചെയ്യുന്നു, ഊരും പേരുമാറ്റി കാർ വർക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു

2016 ജൂൺ 16: പ്രതി അറസ്റ്റിലായ വിവരം പൊലീസ് പുറത്തുവിട്ടു. മുഖ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിക്കുന്നു.

2016 സെപ്റ്റംബർ 16: കുറ്റപത്രം സമർപ്പിച്ചു.

2017 മാർച്ച് 13: വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി.

2017  ഡിസംബര്‍ 14: എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി പ്രതിക്ക് വധ ശിക്ഷ വിധിച്ചു

2024 മെയ് 20 :  വധശിക്ഷയിയ്ക്കെതിരെ പ്രതി നൽകിയ അപ്പീലിൽ ഹൈക്കോടതി ഉത്തരവ്. അപ്പൂല്‍ തള്ളി, വധശിക്ഷ ശരിവെച്ചു.

കട വരാന്തയിൽ നിന്ന് ഷോക്കേറ്റ് 19കാരൻെറ മരണം; വിശദീകരണവുമായി കെഎസ്ഇബി, വീഴ്ചയുണ്ടായെങ്കിൽ നടപടിയെന്ന് മന്ത്രി

 

 

Latest Videos
Follow Us:
Download App:
  • android
  • ios