'നാളത്തെ വിധിയോടെ അയാളുടെ വക്കീൽ പണി അവസാനിക്കും'; പെരിയ ഇരട്ട കൊലക്കേസിൽ നീതി കിട്ടുമെന്ന് കുടുംബാംഗങ്ങൾ

കേരളത്തെ നടുക്കിയ പെരിയ ഇരട്ട കൊലക്കേസിൽ നാളെ സിബിഐ കോടതി വിധി പറയാനിരിക്കെ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബാംഗങ്ങള്‍. നല്ലൊരു വിധിയോടെ സികെ ശ്രീധരന്‍റെ വക്കീൽ പണി അവസാനിക്കുമെന്നും ശരത് ലാലിന്‍റെ അച്ഛൻ.

periya twin murder CBI court's verdict tomorrow kripesh and sarath lal family expects maximum punishment for the accused

കാസര്‍കോട്: കേരളത്തെ നടുക്കിയ പെരിയ ഇരട്ട കൊലക്കേസിൽ നാളെ സിബിഐ കോടതി വിധി പറയാനിരിക്കെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബാംഗങ്ങള്‍. കേസിൽ തങ്ങളോടൊപ്പം നിന്ന അഡ്വ. സി കെ ശ്രീധരൻ പിന്നീട് പ്രതികൾക്ക് വേണ്ടി വാദിക്കാനെത്തിയത് വലിയ ചതിയായെന്ന് ശരത് ലാലിന്‍റെ അച്ഛൻ സത്യനാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നല്ലൊരു വിധി വന്നാൽ സികെ ശ്രീധരന്‍റെ വക്കീൽ പണി ഇതോടെ അവസാനിക്കും. പെരിയ ഇരട്ട കൊലക്കേസിലെ കോടതി വിധിയിലൂടെ നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും സത്യനാരായണൻ പറഞ്ഞു.

വര്‍ഷങ്ങളുടെ പ്രയത്നത്തിനൊടുവിലാണ് വിധി വരുന്നത്. സാക്ഷികളെ എറണാകുളത്തേക്ക് കൊണ്ടുപോകാനൊക്കെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ, ആരും എതിരു പറഞ്ഞില്ല. എല്ലാവരും സാക്ഷി പറയാൻ എത്തി. കൃത്യമായ വിചാരണ നടന്നു. ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാനായി. അതിനാൽ തന്നെ ചെയ്ത കുറ്റത്തിന് തക്കതായ ശിക്ഷ കുറ്റവാളികള്‍ക്ക് കിട്ടുമെന്നാണ് പ്രതീക്ഷ. സിബിഐ അന്വേഷണം വന്നശേഷം ഒമ്പത് പ്രതികള്‍ കൂടി കേസിൽ വന്നു. ഇതോടെ കൂടുതൽ പ്രതികളുണ്ടെന്ന് വ്യക്തമായി. അവസാനഘട്ടത്തിലാണ് സികെ ശ്രീധരൻ എന്ന അഭിഭാഷകനെ വിലക്കെടുത്തത്.

കൂടുതൽ കാശ് നൽകാമെന്ന് പറഞ്ഞ് അയാളെ വിലക്കെടുത്തതാണ്. കോണ്‍ഗ്രസിൽ നിന്ന് സിപിഎമ്മിലേക്ക് പോയശേഷമാണ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത്. അവസാന സമയത്ത് അഡ്വ. സികെ ശ്രീധരൻ കാണിച്ചത് വലിയ ചതിയാണ്. കേസിന്‍റെ അവസാന ഘട്ടം വരെ കൂടെ നിന്നശേഷം എല്ലാ കാര്യങ്ങളും വ്യക്തമായി അറിയമായിരുന്നിട്ടും ആശ്വാസം നൽകിയ വ്യക്തി നേരെ തിരിഞ്ഞ് എതിര്‍ഭാഗത്തേക്ക് പോയത് ചതിയാണ്.  

നല്ലൊരു വിധി വന്നാൽ അതോടെ അയാളുടെ വക്കീൽ പണി അവസാനിക്കും. ജനങ്ങള്‍ അയാളെ വിശ്വസിക്കില്ല. നാളെ അത്തരത്തിലുള്ള വിധി തന്നെ വരുമെന്നാണ് ഉറച്ചു വിശ്വസിക്കുന്നതെന്നും സത്യനാരായണൻ പറഞ്ഞു. പ്രതികള്‍ക്ക് തൂക്കുകയര്‍ തന്നെ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും നീതി കിട്ടുമെന്നും കൃപേഷിന്‍റെ അച്ഛൻ കൃഷ്ണൻ പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതകം; ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി ഡിസംബര്‍ 28ന്
 

Latest Videos
Follow Us:
Download App:
  • android
  • ios