പെരിയ കൊലക്കേസ്; സിബിഐക്കെതിരെ പ്രതി മണികണ്ഠൻ; 'കൂട്ടിലിട്ട തത്തയ്ക്ക് യജമാനനെ അനുസരിക്കാനേ നിവൃത്തിയുള്ളൂ'

മാധ്യമ വിചാരണയും വലതുപക്ഷ ഗൂഢാലോചനയും സത്യത്തിൻ്റെ കണ്ണ് മൂടിക്കെട്ടിയാൽ എന്തു ചെയ്യും. ആത്യന്തികമായി സത്യം ജയിക്കും നീതി ലഭിക്കുകയും ചെയ്യും.-മണികണ്ഠൻ പറയുന്നു.

periya murder case accused k manikandan against cbi on verdict

കണ്ണൂർ: സിബിഐയ്ക്കെതിരെ വിമർശനവുമായി പെരിയ ഇരട്ടക്കൊലക്കേസ് പ്രതി കെ. മണികണ്ഠൻ. കൂട്ടിലിട്ട തത്തയ്ക്ക് യജമാനനെ  അനുസരിക്കാൻ മാത്രമേ നിവൃത്തിയുള്ളൂവെന്ന് മണികണ്ഠൻ പറഞ്ഞു. കള്ള സാക്ഷികളും വ്യാജ മൊഴികളും കൊണ്ട് താൽക്കാലികമായി നിങ്ങൾക്ക് സത്യത്തെ തോൽപ്പിക്കാൻ കഴിഞ്ഞേക്കും, ഞങ്ങളെ തുറങ്കിലടക്കാനും. പക്ഷേ തോൽപ്പിക്കാനാവില്ലന്നും ഫേസ്ബുക്കിലെഴുതിയ പോസ്റ്റിൽ മണികണ്ഠൻ പറയുന്നു. 

മാധ്യമ വിചാരണയും വലതുപക്ഷ ഗൂഢാലോചനയും സത്യത്തിൻ്റെ കണ്ണ് മൂടിക്കെട്ടിയാൽ എന്തു ചെയ്യും. ആത്യന്തികമായി സത്യം ജയിക്കും നീതി ലഭിക്കുകയും ചെയ്യും.-മണികണ്ഠൻ പറയുന്നു. പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുക കൃപേഷിന്റെയും ശരത്ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചു. 

ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ മണികണ്‌ഠൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കുറ്റക്കാരിൽ ഏറിയ പങ്കും സിപിഎം നേതാക്കളും പ്രവർത്തകരുമാണ്. കേസില്‍ 10 പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ഇത്.

പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്നിവർ ഈ കുറ്റങ്ങൾക്ക് പുറമെ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പടെ നാല് പ്രതികൾക്കെതിരെ പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ചുമത്തിയത്. പരമാവധി രണ്ട് വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വിധി പറയുന്നതിനിടെ കോടതി പ്രതികളെ കേട്ടിരുന്നു. ശിക്ഷയിൽ ഇളവ് തേടി പ്രതികൾ പ്രാരാബ്ദങ്ങൾ പറഞ്ഞു. ബിരുദം പൂർത്തിയാക്കണമെന്നും പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചിരുന്നുവെന്നുമുള്ള ഏഴാം പ്രതി അശ്വന്റെയും വയോധികനാണെന്നും പ്രായമുള്ള അമ്മയെ നോക്കണമെന്നുമുള്ള മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്റെ അഭ്യർത്ഥനയും കോടതി കേട്ടു. 

2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ കൊലയല്ല, വ്യക്തിപരമായ വിരോധത്തിന്റെ പേരിലുള്ള കൊല എന്ന് പറഞ്ഞ് സിപിഎം നിസ്സാരവ‌ൽക്കരിക്കാൻ ശ്രമിച്ച കേസിലാണ് സിബിഐ കോടതി ജില്ലാ സെക്രട്ടറിയേറ്റ് അംഗമടക്കം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിൽ സിബിഐ അന്വേഷണം തടയാൻ ശ്രമിച്ചത് ഇവരെ സംരക്ഷിക്കാനായിരുന്നു എന്ന ആരോപണം ബലപ്പെടുകയാണ്. ശക്ഷിക്കപ്പെട്ട പലരും നിരപരാധികളാണെന്നാണ് സിപിഎം വാദം.

ടിപി ചന്ദശേഖരൻ വധത്തിന് ശേഷം സിപിഎം ഏറ്റവും കൂടുതൽ പഴികേട്ട കേസാണ് പെരിയ ഇരട്ടക്കൊലപാതകം. കൃത്യമായ രാഷ്ട്രീയ ആസൂത്രണമെന്ന് അന്നേ വ്യക്തമായിട്ടും ലോക്കൽ കമ്മറ്റി അംഗം പീതാബരനെ പഴി ചാരി മുഖം രക്ഷിക്കാനായിരുന്നു സിപിഎം ശ്രമം. ഇപ്പോൾ ശിക്ഷിക്കപ്പെട്ടവരിൽ കാസർകോട്ടെ സിപിഎമ്മിന്റെ പ്രധാന നേതാക്കളുടെ നീണ്ട നിരയാണ് കാണാനാവുക. ജില്ലാ സെക്രട്ടറിയേറ്റ് അംഗം, കൊലപാതകം നടക്കുമ്പോൾ ഏരിയാ സെക്രട്ടറിയായിയരുന്ന നേതാവ് ലോക്കൽ സെക്രട്ടറി, ലോക്കൽ കമ്മറ്റി അംഗം ,ബ്രാഞ്ച് അംഗം എന്നിങ്ങനെ പാർട്ടിയുടെ എല്ലാ തലത്തിലുമുള്ള നേതാക്കൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയതോടെ രാഷ്ട്രീയ കൊലയല്ല എന്ന സിപിഎം വാദം പൊളിയുകയാണ്. ഇരയ്ക്ക്  നീതി ലഭ്യമാക്കേണ്ട അതേ സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്ത് സുപ്രീകോടതി വരെ പോയതും സിപിഎമ്മിന്റെ നിർദ്ദേശപ്രകാരമായിരുന്നു. സിബിഐ പിന്നീട് പ്രതികളാക്കിയ എല്ലാവരെയും ശിക്ഷിച്ചില്ല എന്ന ആശ്വാസം സിപിഎമ്മിനുണ്ട് എങ്കിൽ പോലും ആ പട്ടികയിൽപ്പെട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെവി കുഞ്ഞിരാമന് കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയത് പാർട്ടിക്ക് വലിയ തിരിച്ചടിയാണ്. 

വലിയ ജനവികാരം ഉണ്ടായപ്പോൾ ഏരിയാ സെക്രട്ടറിയിൽ വരെ ക്രൈംബ്രാഞ്ച് അന്വേഷണം എത്തിയിരുന്നു. അതും വൈകിയായിരുന്നു. തിടുക്കപ്പെട്ട് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത് കേസിലെ സിബിഐ അന്വേഷണം തടയാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു എന്നും ആക്ഷേപം ഉയ‍ർന്നിരുന്നു. എന്നാൽ ഹൈക്കോടതി കുറ്റപത്രം റദ്ദാക്കിയാണ് കേസ് സിബിഐക്ക് കൈമാറിയത്. ഭരണത്തിന്‍റെ തണൽ രാഷ്ട്രീയ കൊലപാതകികൾക്കും നൽകാൻ സിപിഎം ഏറ്റവും പ്രകടമായി ശ്രമിച്ച കേസ് കൂടിയാണ് പെരിയയിലേത്. കണ്ണൂരിലെ പല കേസുകളിലും ടിപി കേസിലും ഉന്നയിച്ചത് പോലെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയവർ നിരപരാധികളാണെന്ന വാദമാണ് സിപിഎം ഉന്നയിക്കുന്നത്. കൃപേഷിന്റെയും ശരതിന്റെയും കുടുംബത്തിന് ഒപ്പമുണ്ടായിരുന്ന മുൻ കോൺഗ്രസ് നേതാവ് കൂടിയായ അഡ്വ സികെ ശ്രീധരനെ സിപിഎം അടർത്തിയെടുത്തത് പോലും ഈ കേസിലുള്ള  താല്പര്യത്തിന്റെ പേരിലായിരുന്നു. ഒന്നാം പിണറായി സർക്കാരിനെയും സിപിഎമ്മിനെയും വലിയ രീതിയിൽ പ്രതിക്കൂട്ടിലാക്കിയ ഈ കേസിലെ വിധി കോൺഗ്രസിന് രാഷ്ട്രീയ നേട്ടമാകും.

'യാത്രക്കാരുടെ സ്വപ്ന സാക്ഷാത്കാരം'; തിരുനെൽവേലി - ആര്യങ്കാവ് റൂട്ടിൽ ടിഎൻഎസ്ടിസി സർവീസ് തുടങ്ങി

https://www.youtube.com/watch?v=Ko18SgceYX8


 

Latest Videos
Follow Us:
Download App:
  • android
  • ios