വീട്ടിലിരിക്കുന്നത് പോലും തലയിൽ കല്ലുവീഴുമെന്ന ഭയത്തോടെ; എന്ത് ചെയ്യുമെന്നറിയാത്ത ദുരിതത്തിൽ ഒരു നാട്ടുകാർ
കഴിഞ്ഞ ദിവസം ഒരു വീടിന്റെ മേൽക്കൂര തകർത്ത് അകത്തേക്ക് വീണത് പത്ത് കിലോഗ്രാമോളം ഭാരമുള്ള കരിങ്കല്ലായിരുന്നു.
പാലക്കാട്: കരിങ്കൽ ക്വാറിയിൽ നിന്ന് കല്ല് തെറിച്ച് വീഴുന്നത് പതിവായതോടെ ഭീതിയിൽ ഒരു പ്രദേശം. പാലക്കാട് തൃത്താല മേഴത്തൂരിലാണ് വീടിന്‍റെ മേൽക്കൂര തകർത്ത് കരിങ്കല്ല് പതിച്ചത്. ക്വാറിയിൽ നിന്നുയരുന്ന അപകട ഭീഷണി മൂലം ഇനി എന്ത് ചെയ്യുമെന്നറിയാതെ ദുരിതത്തിലാണ് പ്രദേശവാസികൾ.
മോസ്കോ റോഡിലെ സിദ്ധീഖിന്റെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് ഭാര്യ സറീന ഉഗ്ര ശബ്ദം കേട്ട് അടുക്കൽ ഭാഗത്തേക്കെത്തിയത്. വീടിൻറെ മേൽക്കൂര തക൪ത്തെത്തിയത് 10 കിലോയോളം ഭാരമുള്ള കൂറ്റൻ കരിങ്കല്ലായിരുന്നു. നിലത്തു വിരിച്ച ടൈലുകളും പൊട്ടിച്ചിതറി. വീട്ടമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
മൂന്ന് വ൪ഷംമുമ്പ് ആരംഭിച്ച ക്വാറിയാണ് പരിസരത്തുള്ളത്. പാറപൊട്ടിക്കുന്ന ഉച്ചസമയത്ത് പ്രദേശത്തേക്ക് കൂറ്റൻ കരിങ്കല്ലെത്തുന്നത് പതിവാണ്. സമാന രീതിയിൽ മറ്റൊരു വീട്ടിലും ഒരാഴ്ച മുമ്പ് കല്ലുപതിച്ചു. നിരവധി വീടുകളിൽ തറയും ചുമരും വിണ്ടുകീറി. ക്വാറിയുടെ പ്രവ൪ത്തനം ഭീഷണിയുയ൪ത്തിയാണെന്ന് നാട്ടുകാ൪ പറയുന്നു. മുഖ്യമന്ത്രിക്കു വരെ പരാതി നൽകിയെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ നടപടിയൊന്നുമുണ്ടായില്ല. ജീവന് ഭീഷണിയുള്ളതിനാൽ ക്വാറി പ്രവ൪ത്തനം നി൪ത്തി വെച്ച് പരിഹാരമുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം