'മരുന്ന് വാങ്ങാൻ ഒരു നിവൃത്തിയുമില്ല': പെന്‍ഷന്‍ മുടങ്ങി, ഭിക്ഷ യാചിച്ച് 85 വയസുള്ള അന്നയും മറിയക്കുട്ടിയും
'സഹായിക്കാന്‍ ആരുമില്ല. ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല'- അന്നയും മറിയക്കുട്ടിയും പറയുന്നു
ഇടുക്കി: മാസങ്ങളായി ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം വഴിമുട്ടിനിൽക്കുകയാണ് ഇടുക്കി അടിമാലിയിലെ അന്നയും മറിയക്കുട്ടിയും. മരുന്ന് വാങ്ങാൻ തെരുവിലിറങ്ങി ഭിക്ഷ യാചിക്കുകയാണ് 85 വയസ് പിന്നിട്ട ഇവർ.
"എനിക്ക് അഞ്ച് മാസമായി പെന്‍ഷന്‍ കിട്ടിയിട്ട്. മരുന്ന് മേടിക്കാന്‍ യാതൊരു നിവൃത്തിയുമില്ല. എന്നെ സഹായിക്കാനും ആരുമില്ല. എനിക്ക് ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല"- മറിയക്കുട്ടി പറഞ്ഞു.
രണ്ട് വര്‍ഷത്തെ ഈറ്റത്തൊഴിലാളി പെന്‍ഷനാണ് അന്ന ഔസേപ്പിന് കിട്ടാനുള്ളത്. ക്ഷേമനിധി പെന്‍ഷന്‍ കൊണ്ടുമാത്രമാണ് അന്നയും മറിയക്കുട്ടിയും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. മരുന്ന് വാങ്ങാനും കറന്‍റ് ബില്ലടയ്ക്കാനും ആഹാരത്തിനു പോലും പെന്‍ഷനാണ് ഏക ആശ്രയം. മാസങ്ങളായി ഇവര്‍ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുന്നു. ഒടുവില്‍ ഒരു ഗത്യന്തരവുമില്ലാതെ അവിടെ നിന്ന് തന്നെ ഭിക്ഷ യാചിച്ചു തുടങ്ങി.
പ്രദേശത്തെ കടകള്‍, ആളുകള്‍. ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിങ്ങനെ എല്ലാവരെയും കണ്ട് കാര്യം പറഞ്ഞു. കറന്‍റ് ബില്ലടയ്ക്കാനും മരുന്ന് വാങ്ങാനുമുള്ള പണം കിട്ടി. താത്ക്കാലിക ആശ്വാസം മാത്രമാണിത്. അടുത്ത മാസവും സര്‍ക്കാര്‍ കന്നിഞ്ഞില്ലെങ്കില്‍ അവസ്ഥ ഇതു തന്നെയാകും.
കഴുത്തില്‍ ബോര്‍ഡൊക്കെയിട്ടാണ് ഇവര്‍ ആളുകളെ കാണുന്നത്. സര്‍ക്കാരിന് എതിരെയുള്ള സമരമല്ലെന്ന് ഇരുവരും പറയുന്നു. പെന്‍ഷന്‍ മുടങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച പഞ്ചായത്ത്, പ്രശ്നം പരിഹരിക്കുമെന്നാണ് വിശദീകരിക്കുന്നത്.