നാടിന്‍റെ ഉള്ളുലച്ച് മുറിഞ്ഞകല്‍ അപകടം; നവദമ്പതികൾ ഉൾപ്പെടെ നാല് പേർക്കും വിട നൽകി ജന്മനാട്
ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തിലാണ് നവദമ്പതികളായ നിഖിലും അനുവും, അവരുടെ അച്ഛന്മാരായ മത്തായി ഈപ്പനും ബിജു പി. ജോർജും മരിച്ചത്.
പത്തനംതിട്ട: പത്തനംതിട്ട മുറിഞ്ഞകൽ വാഹനാപകടത്തിൽ മരിച്ച നാല് പേർക്കും വിട നൽകി ജന്മനാട്. പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ രണ്ട് കുടുംബ കല്ലറകളിലായി സംസ്കാരം നടന്നു. സെൻ്റ് മേരീസ് പള്ളി ഹാളിൽ നടന്ന പൊതുദർശനത്തിൽ നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോർജ് പള്ളിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
മല്ലശ്ശേരിയിലെ രണ്ട് കുടുംബങ്ങളുടെ സന്തോഷവും പ്രതീക്ഷം ഒരൊറ്റ ദിവസം കൊണ്ട് പൊലിഞ്ഞത്. ഞായറാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് നവദമ്പതികളായ നിഖിലും അനുവും, അവരുടെ അച്ഛന്മാരായ മത്തായി ഈപ്പനും ബിജു പി. ജോർജും മരിച്ചത്. മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്ന് മടങ്ങിയെത്തിയ ദമ്പതികളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരുംവഴി ശബരിമല തീർത്ഥാടകരുടെ ബസ്സിലേക്ക് കാർ പാഞ്ഞുകയറിയായിരുന്നു അപകടം.
Also Read: പത്തനംതിട്ട മുറിഞ്ഞകൽ അപകടം; ഇടപെടലുമായി ഹൈക്കോടതി, റിപ്പോർട്ട് തേടി
എട്ട് വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായി 15-ാം ദിവസം നിഖിലിന്‍റെയും അനുവിന്‍റെയും വേർപാട് ഒരു നാടിന്‍റെയാകെ ഉള്ളുലച്ചു. നവംബർ 30 നായിരുന്നു നിഖിലിന്‍റെയും അനുവിന്‍റെയും വിവാഹം. സ്വപ്നം കണ്ട ജീവിതം അവർ ജീവിച്ചു തുടങ്ങിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. പക്ഷേ എല്ലാ സന്തോഷങ്ങളും അപകടം കവർന്നെടുത്തു. നിഖിലിനേയും അനുവിനേയും കൂട്ടാൻ ഇരുവരുടെയും അച്ഛന്മാരായ മത്തായി ഈപ്പനും ബിജു പി ജോർജുമായിരുന്നു എയർപോർട്ടിൽ എത്തിയത്. അനുവിന്‍റെ പിറന്നാൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ദുരന്തമുണ്ടായത്.
അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകട കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആര്‍ പറയുന്നു. കാർ അമിതവേഗത്തിൽ വന്നിടിച്ചു എന്നാണ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവറും പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം