കുതിപ്പ് തുടർന്ന് കൊച്ചി മെട്രോ; ശനിയാഴ്ച മാത്രം യാത്ര ചെയ്തത് ഒരുലക്ഷത്തോളം പേർ
ഓണത്തിന്റെ തിരക്ക് പരിഗണിച്ച് സെപ്റ്റംബര്‍ 10,11,12 തീയതികളില്‍ മെട്രോയുടെ അവസാന സര്‍വ്വീസിന്റെ സമയം നീട്ടിയിട്ടുണ്ട്.
കൊച്ചി: മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ഇന്നലെ മാത്രം 95,285 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. ഈ മാസം മൂന്ന് വരെ 39,936 യാത്രക്കാർ മാത്രമേ മെട്രോയിൽ യാത്ര ചെയ്തിരുന്നുള്ളൂ. മഹാരാജാസ് മുതൽ തൈക്കൂടം വരെ സർവീസ് ദീർഘിപ്പിച്ചതും നിരക്കിൽ ഇളവ് വരുത്തിയതുമാണ് യാത്രക്കാരുടെ എണ്ണം കൂടാൻ കാരണം.
അതേസമയം, ഓണത്തിന്റെ തിരക്ക് പരിഗണിച്ച് സെപ്റ്റംബര്‍ 10,11,12 തീയതികളില്‍ മെട്രോയുടെ അവസാന സര്‍വ്വീസിന്റെ സമയം നീട്ടിയിട്ടുണ്ട്. ആലുവയിൽ നിന്നും തൈക്കൂടത്തു നിന്നും രാത്രി 11മണിക്ക് അവസാന ട്രെയിൻ പുറപ്പെടുന്ന രീതിയിൽ ആണ് സമയം ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ രാത്രി പത്തിനാണ് സര്‍വ്വീസ് അവസാനിക്കുന്നത്.
മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാത സെപ്റ്റംബർ മൂന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സർപ്പിച്ചത്. മഹാരാജാസ് ഗ്രൗണ്ട് മുതൽ തൈക്കൂടം വരെ 5.5 കിലോമീറ്റർ ആണ് പാതയുടെ നീളം. പുതിയ പാത ഉൾപ്പടെതോടെ കൊച്ചി മെട്രോയുടെ ആകെ ദൂരം 23.81 കിലോമീറ്ററായി. മഹാരാജാസ് -തൈക്കൂടം പാതയിലെ അഞ്ച് സ്റ്റേഷനുകൾ വന്നതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 21 ആയി വർധിച്ചു.