'യാത്രക്കാർ ബോധംകെട്ടു വീഴുന്നത് ഒരു സ്ഥിരം സംഭവം, കാരണം വന്ദേ ഭാരത്'; കേന്ദ്ര മന്ത്രിക്ക് കത്തുമായി എംപി
വന്ദേഭാരതിന് വേണ്ടി ട്രെയിൻ നിർത്തിയിടുന്നതുമൂലം ഉണ്ടാകുന്ന ക്രമാതീതമായ കാലതാമസം മറ്റു ട്രെയിനുകളിലെ സാധാരണ യാത്രക്കാർക്ക് ദുരിതം സൃഷ്ടിക്കുകയാണ്.
ദില്ലി: വന്ദേ ഭാരതിനായി മറ്റ് ട്രെയിനുകൾ നിർത്തിയിടുന്നത് മൂലം, ട്രെയിൻ സർവീസുകൾ ആകെ അവതാളത്തിലായിരിക്കുന്ന അവസ്ഥയാണെന്ന് രാജ്യസഭ എംപി വി ശിവദാസൻ. സ്ഥിരം യാത്രക്കാർ ആശ്രയിക്കുന്ന നിരവധി ട്രെയിനുകളാണ് ഇതുമൂലം വൈകുന്നത്. തൊഴിലിടങ്ങളിലേക്ക് പോകുന്ന നൂറു കണക്കിന് യാത്രക്കാരുള്ള പരശുറാം എക്‌സ്പ്രസ്, വടകരയ്ക്കും കോഴിക്കോടിനും ഇടയിൽ നിർത്തിയിടുകയാണ്.
ഇതുമൂലം പലപ്പോഴും ഓഫീസുകളിലും ആശുപത്രികളിലും യാത്രക്കാർ വൈകിയാണ് എത്തുന്നത്. കോച്ചുകളുടെ എണ്ണം കുറച്ചതിനൊപ്പം, വന്ദേഭാരതിന് വേണ്ടി ട്രെയിൻ നിർത്തിയിടുന്നതുമൂലം ഉണ്ടാകുന്ന ക്രമാതീതമായ കാലതാമസം മറ്റു ട്രെയിനുകളിലെ സാധാരണ യാത്രക്കാർക്ക് ദുരിതം സൃഷ്ടിക്കുകയാണ്. തിരക്കേറിയ നോൺ എസി കോച്ചുകളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ ക്ഷീണിക്കുകയും ബോധം കെട്ടു വീഴുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്.
യാത്രക്കാർ ബോധംകെട്ടു വീഴുന്നത് ഒരു സ്ഥിരം സംഭവമായി മാറുകയാണ്. വന്ദേഭാരതിനായി മറ്റ് ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നത് അങ്ങേയറ്റം അന്യായമാണ്. കേരളത്തിലെ നിലവിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും വേഗത്തിലുള്ള പൊതുഗതാഗതത്തിനായി ആധുനിക റെയിൽവേ സൗകര്യമൊരുക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
വന്ദേഭാരത് വേഗത്തിലാക്കാനായി മറ്റ് ട്രെയിനുകൾ വൈകിക്കുന്ന നടപടി തിരുത്തണമെന്നും നിലവിലെ ട്രെയിൻ റൂട്ടുകളിൽ കൂടുതൽ കോച്ചുകൾ അനുവദിച്ചു കോച്ചുകളിലെ തിരക്ക് കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് വി ശിവദാസൻ കത്ത് നൽകിയിട്ടുമുണ്ട്.
ഒരു നിമിഷം ഒന്ന് കിടുങ്ങിപ്പോയി! കാശ് എടുക്കവേ എടിഎം മെഷീനീൽ നിന്ന് ഷോക്കേറ്റു, യുവാക്കളുടെ പരാതി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം