മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പാസ് വേണം; ബസ്-കാര്‍ യാത്ര, സിനിമാ ഷൂട്ടിങ് എന്നിവയ്ക്ക് ഇളവുകള്‍

മെയ് എട്ടിന് ശേഷം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ലോക്കഡൗണ്‍ ഇളവുകളില്‍ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 

Pass for interstate travel relief on  bus-car travel and movie shooting

തിരുവനന്തപുരം: മെയ് എട്ടിന് ശേഷം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ലോക്കഡൗണ്‍ ഇളവുകളില്‍ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യാത്രകളും വിവാഹവും സിനിമാ ഷൂട്ടിങ്ങുമടക്കമുള്ളവയുടെ കാര്യത്തില്‍ കൃത്യമായ മാനദണ്ഡങ്ങളോടെ ഇളവുകള്‍ പ്രഖ്യാപിച്ചു. ബസ് യാത്രയ്ക്കും അന്തര്‍ സംസ്ഥാന യാത്രയ്ക്കും നിബന്ധനകളോടെ അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ജൂണ്‍ 30 വരെ പ്രഖ്യാപിച്ച ഇളവുകളും നിയന്ത്രണങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു.

ഇളവുകളും നിയന്ത്രമങ്ങളും ഇങ്ങനെ; മുഖ്യമന്ത്രിയുടെ വിശദീകരണം

ലോക്ക്ഡൗണിൽ നിന്ന് പുറത്തുകടക്കാനുള്ള നിർദ്ദേശം കേന്ദ്രം പുറപ്പെടുവിച്ചു. ചിലകാര്യങ്ങളിൽ നിയന്ത്രണം തുടരാനോ കർക്കശമാക്കാനോ സംസ്ഥാനങ്ങൾക്ക് അധികാരം നല്‍കിയിട്ടുണ്ട്. രോഗവ്യാപന സ്ഥിതിയനുസരിച്ച് മാറ്റം വരുത്തണം. കേന്ദ്ര നിർദ്ദേശം സംസ്ഥാനം പരിശോധിച്ചു. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂട്ടംകൂടുന്നത് തുടര്‍ന്നും അനുവദിക്കില്ല. രോഗവ്യാപനം തടയാന്‍ അത് ആവശ്യമാണ്. സംഘം ചേരൽ അനുവദിച്ചാൽ റിവേഴ്സ് ക്വാറന്‍റീന്‍ പരാജയപ്പെടും. പ്രായമായവർ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് അപകടകരമാകും. ആള്‍ക്കൂട്ട സാധ്യതയുള്ള ഒരു സംഘം ചേരലും അനുവദിക്കില്ല.

ഗുരുവായൂർ ക്ഷേത്രത്തിൽ 50 പേരെന്ന പരിധി വച്ച് വിവാഹ ചടങ്ങുകൾ അനുവദിക്കും. കല്യാണ മണ്ഡപങ്ങളിലും മറ്റ് ഹാളുകളിലും 50 പേർ എന്ന നിലയിൽ വിവാഹ ചടങ്ങിന് മാത്രമായി അനുവാദം നൽകും. വിദ്യാലയങ്ങൾ ജൂലൈലോ അതിന് ശേഷമോ മാത്രമേ സാധാരണ നിലയിൽ തുറക്കൂ. എട്ടാം തീയതിക്ക് ശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തിൽ അഭിപ്രായം കേന്ദ്രത്തെ അറിയിക്കും.

കണ്ടെയിന്‍മെന്റ് സോണിൽ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ പൂർണ്ണ ലോക്ക്ഡൗൺ നിലനില്‍ക്കും. ജൂണ്‍ 30 വെര ഇത് തുടരും. അത്യാവശ്യ കാര്യങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് പാസ് വാങ്ങണം. സംസ്ഥാനത്തേക്ക് അതിർത്തിക്ക് പുറത്തുനിന്ന് വരുന്നവർ സംസ്ഥാന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അന്തർജില്ലാ ബസ് സർവീസ് പരിമിതമായി അനുവദിക്കാം. തൊട്ടടുത്ത രണ്ട് ജില്ലകൾക്കിടയിൽ ബസ് സർവീസ് അനുവദിക്കാം. എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാം. ബസ് യാത്രയില്‍ മാസ്ക് ധരിക്കണം. വാതില്‍പ്പടിയില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാന്‍ ശ്രദ്ധിക്കണം.

കാറിൽ ഡ്രൈവർക്ക് പുറമെ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഓട്ടോറിക്ഷയിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം. സിനിമാ ഷൂട്ടിങ് സുരക്ഷാ മാനദണ്ഡം പാലിച്ച് സ്റ്റുഡിയോയിലോ ഇന്‍ഡോര്‍ ലൊക്കേഷനിലോ ആകാം. ഇവിടെ 50 പേരിൽ കൂടുതൽ പാടില്ല. ചാനലുകളിൽ ഇൻഡോർ ഷൂട്ടിങിൽ പരമാവധി 25 പേർ മാത്രമേ പാടുള്ളൂ. 
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്ഥി ജില്ലകളില്‍ നിത്യേന ജോലിക്ക്ക വന്ന് തിരിച്ചുപോകുന്നവരുണ്ട്. അവര്‍ക്ക് പ്രത്യേക പാസ് അനുവദിക്കും. പൊതുമരാമത്ത് ജോലിക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പത്ത് ദിവസത്തെ പാസ് അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios