ഇപിയെ പിന്നിൽ നിന്ന് കുത്തിയത് പാര്‍ട്ടി നേതാക്കൾ; അന്വേഷിച്ചാൽ വലിയ ഗൂഢാലോചനയുടെ ചുരുള്‍ നിവരും: കെ സുധാകരൻ

സമുന്നതനായ ഒരു നേതാവിനെ കുരുതികൊടുക്കാന്‍ പാര്‍ട്ടി നടത്തിയ വൃത്തികെട്ട കളികളുടെ ഞെട്ടിപ്പിക്കുന്ന ഏടുകളാണ് പുറത്തുവരാനിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. 

Party leaders  behind EP Jayarajan s autobiography controversy says K Sudhakaran

തിരുവനന്തപുരം: പാര്‍ട്ടിയുമായി യോജിച്ചു പോകാന്‍ തീരുമാനിച്ച സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജനെ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും തലപ്പത്തുള്ളവര്‍ പിന്നില്‍നിന്നു കുത്തിയാണ് ആത്മകഥ നാടകീയമായി പുറത്തുവിട്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇതു സംബന്ധിച്ച് പൊലിസിനു നല്കിയ പരാതിയില്‍ സത്യസന്ധമായ അന്വേഷണം നടന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ ഗൂഢാലോചനയുടെ ചുരുള്‍ നിവരും. സമുന്നതനായ ഒരു നേതാവിനെ കുരുതികൊടുക്കാന്‍ പാര്‍ട്ടി നടത്തിയ വൃത്തികെട്ട കളികളുടെ ഞെട്ടിപ്പിക്കുന്ന ഏടുകളാണ് പുറത്തുവരാനിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. 

ഇതു തുറന്നു പറയാന്‍ ഭയക്കുന്നതുകൊണ്ടാണ് അദ്ദേഹം ആത്മകഥാ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഒട്ടും വിശ്വസനീയമല്ലാത്ത  കഥകള്‍ പറയുന്നത്. ഇതില്‍ കോണ്‍ഗ്രസിനെപ്പോലും അദ്ദേഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്. സിപിഎമ്മിലെ ചേരിതിരിഞ്ഞുള്ള പോരാട്ടത്തിലേക്ക് കോണ്‍ഗ്രസിനെ വലിച്ചിഴയ്ക്കുന്നത് മലര്‍ന്നുകിടന്നു തുപ്പുന്നതിനു തുല്യമാണ്. ഡിസി ബുക്സിനെയും അദ്ദേഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു.  കേരളത്തില്‍ വിശ്വാസ്യതയും മാന്യതയും പുലര്‍ത്തുന്ന പ്രസിദ്ധീകരണ സ്ഥാപനമാണ് ഡിസി ബുക്സ്. ജയരാജന്‍ നല്കിയ വക്കീല്‍ നോട്ടീസിന് അവര്‍ മറുപടി നല്കുമെന്നു പ്രതീക്ഷിക്കാം. 

മുഖ്യമന്ത്രി പിണറായി വിജയനുമായി ഒന്നിലധികം തവണ ചര്‍ച്ച നടത്തി ജയരാജന്‍ അനുരഞ്ജനത്തിന്റെ പാതയിലായിരുന്നു. അദ്ദേഹം പാര്‍ട്ടിയില്‍ ശക്തി വീണ്ടെടുത്താല്‍ അതു ഭീഷണിയായി കരുതുന്നര്‍ തന്നെയാണ് അദ്ദേഹത്തെ ഒറ്റിക്കൊടുത്തത്. ജയരാജനെ ഒതുക്കാന്‍ ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ ഉപയോഗപ്പെടുത്തിയ ഈ നേതാക്കളുടെ പാര്‍ട്ടിക്കൂറാണ് ചോദ്യം ചെയ്യപ്പെടുന്നത്. അനേകായിരം പാര്‍ട്ടി പ്രവര്‍ത്തകര്‍ രാപകല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ഇത്തരം കൊലച്ചതി ചെയ്യാന്‍ സിപിഎം നേതാക്കള്‍ക്കു മാത്രമേ കഴിയൂ. 

എംവി രാഘവന്‍, കെആര്‍ ഗൗരിയമ്മ, കെപിആര്‍ ഗോപാലന്‍, വിബി ചെറിയാന്‍, ചാത്തുണ്ണി മാസ്റ്റര്‍  തുടങ്ങിയ പ്രമുഖ നേതാക്കളെ പുറത്താക്കിയ ചരിത്രമാണ് സിപിഎമ്മിനുള്ളത്. മുന്‍ മന്ത്രിയും മുന്‍ എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനെയും പുറത്താക്കാന്‍ പാര്‍ട്ടിയില്‍ നടക്കുന്ന കൊണ്ടുപിടിച്ച ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

'ഞങ്ങള്‍ ഫെസിലിറ്റേറ്റര്‍ മാത്രം, എല്ലാം പറ‍ഞ്ഞു, കൂടുതലൊന്നുമില്ല'; ആത്മകഥ വിവാദത്തിൽ രവി ഡിസിയുടെ പ്രതികരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios