ആറളം ഫാമിൽ സ്വകാര്യ സംരംഭകർക്കൊപ്പം പങ്കാളിത്ത കൃഷി, പാട്ടത്തിന് നൽകുക 30 വർഷം; എതിർത്ത് ഇടത് സംഘടനകൾ

വകുപ്പ് മന്ത്രി പോലും അറിയാതെയാണ് ജില്ലാ കളക്ടർ അധ്യക്ഷനായ ഫാം ഭരണ സമിതിയുടെ നീക്കമെന്ന് ഇടത് സംഘടനകൾ

Participatory farming with private entrepreneurs in Aralam farm lease for 30 years left organizations disagree

കണ്ണൂർ: ആറളം ഫാമിൽ സ്വകാര്യ സംരംഭകരുമായുള്ള പങ്കാളിത്ത കൃഷിക്കെതിരെ ഇടത് സംഘടനകൾ സമരത്തിന്. ആദിവാസി ക്ഷേമ സമിതി നാളെ കുടിൽ കെട്ടി സമരം തുടങ്ങും. പട്ടിക വർഗ വകുപ്പിന്റെ ഭൂമി പാട്ടത്തിന് നൽകി ഫാമിനെ സ്വകാര്യവത്കരിക്കുന്നു എന്നാണ് ആക്ഷേപം. ഫാമിനെ ലാഭത്തിലാക്കാനും ആദിവാസികൾക്ക് തൊഴിൽ ഉറപ്പാക്കാനുമുള്ള പദ്ധതിയെന്ന് മാനേജ്മെന്റ് വിശദീകരിക്കുന്നു.

7650 ഏക്കർ വരുന്ന ആറളം ഫാം. പകുതി ഭൂമി ആദിവാസി വിഭാഗങ്ങൾക്ക് പതിച്ചു നൽകി. പകുതി ആറളം ഫാമിങ് കോർപ്പറേഷന് കീഴിൽ. കോടികൾ മുടക്കിയെങ്കിലും വന്യമൃഗ ശല്യമുൾപ്പെടെ പ്രതിസന്ധിയിലാക്കിയപ്പോൾ ലക്ഷ്യം കാണാതെ നഷ്ടത്തിലായ ഫാം. വരുമാനവും തൊഴിലവസരങ്ങളും മുന്നിൽക്കണ്ട് ഫാമിലെ ഭൂമി സ്വകാര്യ സംരംഭകർക്ക് പങ്കാളിത്ത കൃഷിക്കായി നൽകാൻ മാനേജ്മെന്റ് കഴിഞ്ഞ ജൂലൈയിൽ തീരുമാനിച്ചിരുന്നു. അഞ്ച് സംരംഭകരുമായി കരാറിലെത്തി. ഇതിനെതിരെയാണ് സിപിഎമ്മും സിപിഐയും രംഗത്തെത്തിയത്.

30 വർഷത്തേക്ക് സ്വകാര്യ വ്യക്തികൾക്ക് ഭൂമി പാട്ടത്തിന് നൽകുന്നത് ആദിവാസികൾക്ക് അർഹതപ്പെട്ട ഭൂമി നഷ്ടമാകാൻ ഇടയാക്കുമെന്നാണ് ആക്ഷേപം. പട്ടിക വർഗ വകുപ്പ് മന്ത്രി പോലും അറിയാതെയാണ് ജില്ലാ കളക്ടർ അധ്യക്ഷനായ ഫാം ഭരണ സമിതിയുടെ നീക്കമെന്നും സിപിഎം ആരോപണം. ആദിവാസി ക്ഷേമ സമിതി നാളെ പാട്ടത്തിന് നൽകിയ സ്ഥലത്ത് കുടിൽ കെട്ടി സമരം തുടങ്ങും. സിപിഐയും കഴിഞ്ഞ ദിവസം സമരത്തിനിറങ്ങിയിരുന്നു. സ്വകാര്യ സരംഭകർക്ക് പാട്ടത്തിന് നൽകിയതിന് പിന്നാലെ ഫാമിലെ മരങ്ങൾ മുറിച്ചുമാറ്റിയതും വിവാദമായി

ആരോപണങ്ങൾ ഫാം മാനേജ്മെന്റ് തള്ളുന്നു. സ്വകാര്യ സംരംഭകരുമായി പങ്കാളിത്ത കൃഷിയിൽ ഏർപ്പെടാൻ ചട്ടങ്ങൾ തടസ്സമല്ല. ഫാമിനു ലാഭം ഉണ്ടെങ്കിൽ മാത്രമേ കരാർ തുടരൂ എന്നാണ് വ്യവസ്ഥയെന്നും ഭൂമി നഷ്ടമാകില്ലെന്നുമാണ് വിശദീകരണം. ഇരുന്നൂറിലധികം ആദിവാസികൾക്ക് തൊഴിലവസരമെന്നും അറുപത് കോടിയോളം രൂപ ഫാമിനു ലഭിക്കുമെന്നും മാനേജ്മെന്റ് പറയുന്നു. സിപിഎം തന്നെ നേരിട്ട് സമരത്തിന് ഇറങ്ങിയതോടെ പങ്കാളിത്ത കൃഷി പദ്ധതിയുടെ ഭാവിയിൽ സർക്കാർ നിലപാട് നിർണായകമാകും.

കോഴിക്കോടന്‍ ഹല്‍വയുമായി തൊട്ടിൽപ്പാലത്ത് നിന്ന് മന്ത്രിയപ്പൂപ്പനെ കാണാനെത്തി; കുരുന്നുകളും മന്ത്രിയും ഹാപ്പി

Latest Videos
Follow Us:
Download App:
  • android
  • ios