അച്ഛനെയും അമ്മയെയും മരണം പിടിച്ചെടുത്ത് പത്താം നാൾ; ഏക മകന് എല്ലാ വിഷയത്തിലും എ+, സങ്കടക്കടലിൽ സൗരവ്
സൗരവിനെ കോഴിക്കോട് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടൻസി കോഴ്‌സ് പഠിക്കാൻ ചേര്‍ത്ത് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്
കാസര്‍കോട്: ചെറുകുന്ന് പുന്നച്ചേരിയിൽ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഏറ്റവും വലിയ ആഘാതമേറ്റത് സൗരവിനാണ്. ജീവിതത്തിൽ തനിക്കേറെ പ്രിയപ്പെട്ട അച്ഛനെയും അമ്മയെയും ആ ദുരന്തമുഖത്ത് സൗരവിന് നഷ്ടമായി. സൗരവിനെ കോഴിക്കോട് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടൻസി കോഴ്‌സ് പഠിക്കാൻ ചേര്‍ത്ത് വീട്ടിലേക്ക് മടങ്ങും വഴിയാണ് ചിറ്റാരിക്കാൽ കമ്മാടം സ്വദേശി സുധാകരനും ഭാര്യ അജിതയുമടക്കം അഞ്ച് പേര്‍ അപകടത്തിൽ മരിച്ചത്.
ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ചിറ്റാരിക്കാൽ തോമാപുരം സെൻ്റ് തോമസ് എച്ച്എസ്എസ് പ്ലസ് ടു സയൻസ് വിദ്യാര്‍ത്ഥിയായ സൗരവ് പഠനത്തിൽ മിടുക്കനാണ്. അതിനാൽ തന്നെ ഉന്നത വിജയം നേടുമെന്ന ഉറപ്പ് കുടുംബാംഗങ്ങൾക്കും അധ്യാപകര്‍ക്കും ഉണ്ടായിരുന്നു. ആ പ്രതീക്ഷ തെറ്റാതെ എല്ലാ വിഷയത്തിലും ഉയര്‍ന്ന മാര്‍ക്കോടെ വിജയം നേടിയപ്പോൾ സന്തോഷം പങ്കുവയ്ക്കാൻ മാതാപിതാക്കളില്ലാതെ, അനാഥത്വത്തിലേക്ക് എടുത്തറിയപ്പെട്ട നിലയിലായി സൗരവിന്റെ ജീവിതം.
അപകടത്തിൽ അഞ്ച് പേരാണ് മരിച്ചത്. കാസർകോട് കാലിച്ചാനടുക്കം ശാസ്താം പാറ സ്വദേശി പത്മകുമാർ (59), അജിതയുടെ അച്ഛൻ കരിവെള്ളൂർ പുത്തൂർ സ്വദേശി കൃഷ്ണൻ (65), അജിതയുടെ സഹോദരന്റെ മകൻ ആകാശ് (9) എന്നിവരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച അഞ്ച് പേരും കാറിലെ യാത്രക്കാരായിരുന്നു. സംഭവസ്ഥലത്ത് തന്നെ അഞ്ച് പേരും മരിച്ചിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.