വിദ്യാർത്ഥികളെ എസ്എഫ്ഐ പരിപാടിക്ക് കൊണ്ടുപോയ സംഭവം; എസ്എച്ച്ഒയ്ക്ക് പരാതി നൽകി രക്ഷിതാവ്
രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിദ്യാർത്ഥികളെ സംഘടന പരിപാടിയ്ക്ക് കൊണ്ടുപോയി എന്നാണ് പരാതി. അധ്യാപകരും അനുവാദവും തേടിയില്ല. വിദ്യാർത്ഥികളെ കൊണ്ടുപോയവർക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം.
പാലക്കാട്: പാലക്കാട് സ്കൂള്‍ വിദ്യാർത്ഥികളെ എസ്എഫ്ഐ (SFI) പരിപാടിക്ക് കൊണ്ടുപോയ സംഭവത്തില്‍ വിദ്യാർത്ഥികളിലൊരാളുടെ രക്ഷിതാവ് എസ്എച്ച്ഒയ്ക്ക് പരാതി നൽകി. മങ്കര എസ്എച്ച്ഒയ്ക്കാണ് പരാതി നൽകിയത്. രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിദ്യാർത്ഥികളെ സംഘടന പരിപാടിയ്ക്ക് കൊണ്ടുപോയി എന്നാണ് പരാതി. അധ്യാപകരും അനുവാദവും തേടിയില്ല. വിദ്യാർത്ഥികളെ കൊണ്ടുപോയവർക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. പരാതിയുടെ അടിസ്ഥാനത്ത് ഇന്ന് സ്കൂളിൽ അടിയന്തിര പിടിഎ യോഗം ചേരും. അതേസമയം, മുൻകൂട്ടി അനുവാദം വാങ്ങിയാണ് കൊണ്ടുപോയതെന്നാണ് എസ്എഫ്ഐ പാലക്കാട് ജില്ല കമ്മിറ്റി പാറയുന്നത്.
സ്കൂൾ വിദ്യാർത്ഥികളെ ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് എസ്എഫ്ഐ പ്രവർത്തകർ സമരത്തിന് കൊണ്ടുപോയെന്നാണ് ഉയരുന്ന പരാതി. പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെ സമരത്തിന് കൊണ്ടുപോയെന്നാണ് രക്ഷിതാക്കളുടെ പരാതി. വിദ്യാർത്ഥികളെ കൊണ്ടുപോയ കാര്യം രക്ഷിതാക്കൾ അറിഞ്ഞിരുന്നില്ല. സ്കൂളിലെ ഇടത് അനുഭവികളായ ചില അധ്യാപകർ കൂട്ട് നിന്നാണ് എസ്എഫ്ഐ പ്രവർത്തകർ വിദ്യാർത്ഥികളെ കൊണ്ടുപോയതെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. അധ്യാപകർ കുട്ടികൾ എത്താത്ത വിവരം മറച്ചുവെച്ചുവെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ആരോപണം. എസ്എഫ്ഐ നേതാക്കൾക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കളക്ട്രേറ്റിലേക്ക് എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനെ ചൊല്ലിയാണ് വിവാദം. ഈ മാർച്ചിലാണ് പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെ ബിരിയാണി വാങ്ങി നൽകാമെന്ന് പറഞ്ഞ് കൊണ്ടുപോയത്. എസ്എഫ്ഐ വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാരിന് സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കുക എന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു മാർച്ച്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം വി പി ശരത് ആണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.