ഒരു പപ്പാഞ്ഞി മതിയെന്ന് പൊലീസ്; ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ടിലെ പപ്പാഞ്ഞിയെ പൊളിച്ചുമാറ്റാൻ നിർദേശം
ഫോർട്ട് കൊച്ചിയിൽ രണ്ട് പപ്പാഞ്ഞികൾ അനുവദിക്കില്ലെന്നും പരേഡ് ഗ്രൗണ്ടിൽ ഒരുക്കുന്ന പപ്പാഞ്ഞി മാത്രം മതിയെന്നും പൊലീസ് നിലപാടെടുത്തു.
കൊച്ചി: ഫോർട്ട് കൊച്ചി കാർണിവലിൽ പപ്പാഞ്ഞിയുമായുമായി ബന്ധപ്പെട്ട് വിവാദം. ഫോർട്ട് കൊച്ചിയിൽ രണ്ട് പപ്പാഞ്ഞികൾ അനുവദിക്കില്ലെന്നും പരേഡ് ഗ്രൗണ്ടിൽ ഒരുക്കുന്ന പപ്പാഞ്ഞി മാത്രം മതിയെന്നും പൊലീസ് നിലപാടെടുത്തു. വെളി ഗ്രൗണ്ടിൽ നിർമിക്കുന്ന പപ്പാഞ്ഞി പൊളിച്ചു കളയാനാണ് പൊലീസിന്റെ നിർദേശം. സുരക്ഷാ പ്രശ്നങ്ങൾ മുൻ നിർത്തിയാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. പപ്പാഞ്ഞി പൊളിച്ചുമാറ്റാൻ നിർദേശിച്ചതിൽ നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെ പ്രതിഷേധവുമായി രംഗത്തെത്തി.
പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ചാണ് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സമീപത്ത് തന്നെ ഫോർട്ട് കൊച്ചി കടപ്പുറത്തും പുതുവർഷ ആഘോഷവും പപ്പാഞ്ഞിയെ കത്തിക്കലും നടക്കുന്നുണ്ട്. എന്നാൽ, ഒരേസമയം രണ്ട് സ്ഥലത്ത് പപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലെന്നും സുരക്ഷാപ്രശ്നം ഉണ്ടാകുമെന്നുമാണ് പൊലീസിന്റെ നോട്ടീസിൽ പറയുന്നത്. ഒരേസമയം രണ്ട് പരിപാടികൾ നടന്നാൽ രണ്ടിനും മതിയായ സുരക്ഷ നൽകാനാകില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
അതേസമയം, വെളി മൈതാനത്തെ പപ്പാഞ്ഞി രൂപം ഇന്ന് അനാച്ഛാദനം ചെയ്യില്ലെന്ന് സംഘാടകർ അറിയിച്ചു. വിഷയത്തിൽ മന്ത്രി പി രാജീവും ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ഇടപെടണമെന്ന് ആവശ്യപ്പെട്ട സംഘാടകർ, പൊലീസുമായി ചർച്ച നടത്തുമെന്നും പ്രതികരിച്ചു. കൂടുതൽ തർക്കത്തിനോ വിവാദത്തിനോ ഇല്ലെന്നും ഗാല ഡി കൊച്ചി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വർഷവും സമാനമായ പ്രശ്നം ഫോർട്ട് കൊച്ചിയിൽ ഉണ്ടായിരുന്നു. വെളി ഗ്രൗണ്ടില്‍ നിര്‍മ്മിച്ച പാപ്പാഞ്ഞിയെ കത്തിക്കാന്‍ അനുമതി നിഷേധിച്ചത്ത് കഴിഞ്ഞ വര്‍ഷം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം