നിർണായക വിവരങ്ങൾ ചോർത്തി നൽകി; രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷൻ
ശരത് ലാലിന്‍റെ ഫോൺ രേഖകൾ പൊലീസ് പരിശോധിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ രാജേഷിന്‍റെ അടുത്ത സുഹൃത്തു കൂടിയാണ് ശരത്
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുലിനെ രാജ്യംവിടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പന്തീരങ്കാവ് സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ലാലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. രാഹുലിന്‍റെ അമ്മയെയും സഹോദരിയയെയും കേസില്‍ പ്രതി ചേര്‍ത്തു. അതിനിടെ, രാഹുലിന്‍റെ കാർ കസ്റ്റഡിയിലെടുത്ത് പൊലീസ് നടത്തിയ പരിശോധനയിൽ വാഹനത്തിനകത്ത് രക്തക്കറ കണ്ടെത്തി.
രാഹുലിനെതിരെ വധശ്രമക്കുറ്റം ചുമത്താനുളള നടപടികള്‍ പന്തീരങ്കാവ് സ്റ്റേഷനിൽ പുരോഗമിക്കുമ്പോൾ ജിഡി ഡ്യൂട്ടിയിലുണ്ടായിരുന്നയാളാണ് ശരത് ലാൽ. പൊലീസ് സ്റ്റേഷനിലെ വിവരങ്ങൾ ഇയാള്‍ അപ്പപ്പോൾ രാഹുലിനും സുഹൃത്ത് രാജേഷിനും ചോർത്തിനൽകിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരും ബംഗളൂരുവിലേക്ക് കടക്കുമ്പോൾ ചേവായൂരിന് സമീപം ഇയാൾ ഇവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുമുണ്ട്.
അന്വേഷണം നടക്കുന്നതിനാൽ ഇടവഴികളിലൂടെ ചെക്പോസ്റ്റ് എത്താനുളള നിർദ്ദേശവും ഇയാൾ നൽകി.ഇത് സാധൂകരിക്കുന്ന ഫോൺവിളികളുടെ ലിസ്റ്റും പൊലീസ് ശേഖരിച്ചു. തുടര്‍ന്നാണ് ഇയാളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. അന്വേഷണത്തിനായി ഫറോക് അസി. കമ്മീഷണറെ ചുമതലപ്പെടുത്തി. പൊലീസിനാകെ കളങ്കമുണ്ടാക്കിയ പ്രവർത്തിയായതിനാല്‍ ഇയാള്‍ക്കെതിരെ കൂടുതൽ കടുത്ത നടപടി വന്നേക്കുമെന്നണ് വിവരം. രാഹുൽ നാടുവിടാനുളള സാധ്യത മുൻകൂട്ടികണ്ട് നടപടികൾ സ്വീകരിക്കാത്തതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരോട് കമ്മീഷണർ രേഖാമൂലം വിശദീകരണം ചോദിച്ചിട്ടുണ്ട്.
ഗാര്‍ഹിക പീഡന കേസില്‍ രാഹുലിനൊപ്പം ഇയാളുടെ അമ്മയെയും സഹോദരിയയെും യഥാക്രമം രണ്ടും മൂന്നും പ്രതികളായി ചേർത്തിട്ടുണ്ട്. ഇതിനിടെ, രാഹുലിന്‍റെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണ സംഘം, ഇയാളുടെ കാർ കസ്റ്റഡിയിലെടുത്തു. കാറിൽ നിന്ന് രക്തക്കറ കണ്ടെത്തി. ഇതിൽ ഫൊറൻസിക് ശാസ്ത്രീയ പരിശോധന നടത്തും. യുവതിയുടെ കഴുത്തിൽ കുരുക്കിയതെന്ന് കരുതുന്ന കേബിളും അന്വേഷണ സംഘത്തിന് കിട്ടി. മൊഴിനൽകാൻ ആവശ്യപ്പെട്ടിട്ടും ചികിത്സയിലാണെന്ന കാരണം കാണിച്ച് രാഹുലിന്‍റെ അമ്മയും സഹോദരിയും ഇതുവരെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയിട്ടില്ല. ഇതിനിടെ ഇവർ കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്
പന്തീരാങ്കാവ് ഗാർഹിക പീഡനം: പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി