'തങ്ങളെ, ഈ പോക്കാണെങ്കിൽ ഇനി വീല്‍ചെയറില്‍ പോകേണ്ടിവരും'; പാണക്കാട് മുഈൻ അലി തങ്ങള്‍ക്കെതിരെ വധഭീഷണി
മുസ്ലിം ലീഗ് പ്രവർത്തകനായ റാഫി പുതിയ കടവിൽ ആണ് ഭീഷണി സന്ദേശം അയച്ചതെന്ന് മുഈൻ അലി ആരോപിച്ചു.ഭീഷണി സന്ദേശം മുഈൻ അലി തങ്ങൾ മലപ്പുറം പൊലീസിന് കൈമാറി.കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചെന്ന പേരിൽ 2021 ൽ ലീഗ് ഹൗസിൽ വച്ച് മുഈൻ അലി തങ്ങൾക്കെതിരെ റാഫി പ്രതിഷേധിച്ചിരുന്നു.
മലപ്പുറം: പാണക്കാട് കുടുംബാംഗത്തിനെതിരെ വധഭീഷണി. ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾക്കെതിരെയാണ് ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചത്. പാർട്ടി നേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കിൽ വീൽചെയറിൽ പോകേണ്ടിവരുമെന്നും ഇനി പുറത്തിറങ്ങാൻ ആകില്ലെന്നുമാണ് ഭീഷണി സന്ദേശം. തങ്ങൾ പങ്കെടുക്കുന്ന പരിപാടികളിലേക്കും ഇനി നീങ്ങുമെന്ന് സന്ദേശത്തിൽ പറയുന്നു. 'തങ്ങളെ ഈ പോക്ക് പോകാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരും. തങ്ങള്‍ കുടുംബത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തങ്ങള്‍ക്ക് പുറത്തിറങ്ങാനാകില്ല.നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാന്‍ അനുവദിക്കില്ല' എന്നായിരുന്നു ഫോണില്‍ അയച്ച ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.
മുസ്ലിം ലീഗ് പ്രവർത്തകനായ റാഫി പുതിയ കടവിൽ ആണ് ഭീഷണി സന്ദേശം അയച്ചതെന്ന് മുഈൻ അലി ആരോപിച്ചു.ഭീഷണി സന്ദേശം മുഈൻ അലി തങ്ങൾ മലപ്പുറം പൊലീസിന് കൈമാറി. സമസ്ത വിഷയത്തിൽ പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ പരാമർശത്തിനെതിരെ പരോക്ഷ വിമർശനവുമായി മുഈൻ അലി രംഗത്തെത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചെന്ന പേരിൽ 2021 ൽ ലീഗ് ഹൗസിൽ വച്ച് മുഈൻ അലി തങ്ങൾക്കെതിരെ റാഫി പ്രതിഷേധിച്ചിരുന്നു.