പമ്പാ മണൽക്കടത്ത് കേസ്: ചെന്നിത്തലയുടെ ഹർജിയിൽ വിജിലൻസ് കോടതിയിൽ ഇന്നും വാദം തുടരും

 കൊവിഡ് രോഗികളുടെ ഫോൺവിളി വിശദാംശങ്ങൾ ശേഖരിക്കാനുള്ള പോലീസ് നടപടിക്ക് എതിരെ രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും

Pamba soil controversy Ramesh chennithala vigilance court

തിരുവനന്തപുരം: പമ്പാ മണൽക്കടത്ത് കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ വാദം ഇന്നും തുടരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അന്വേഷണത്തിന് സർക്കാർ അനുമതിയില്ലാത്തതിനാൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന് പ്രോസിക്യൂട്ടർ ഇന്നലെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. 

കോടതിക്ക് ഇടപെടാമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്റെ വാദം. പ്രളയത്തെ തുടർന്ന് പമ്പാ ത്രിവേണിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ നൽകിയ അനുമതിക്ക് എതിരെയാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്. ഇതിന് സർക്കാർ അനുമതി നിഷേധിച്ചിരുന്നു.

അതേസമയം കൊവിഡ് രോഗികളുടെ ഫോൺവിളി വിശദാംശങ്ങൾ ശേഖരിക്കാനുള്ള പോലീസ് നടപടിക്ക് എതിരെ രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വ്യക്തികളുടെ ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്ന തീരുമാനം സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനാ വിരുദ്ധമായ നടപടിയിൽ നിന്ന് പോലീസിനെ വിലക്കണം എന്നുമാണ് ഹർജിയിലെ ആവശ്യം.

രോഗികളുടെ ഫോൺ വിളി വിശദാംശങ്ങളല്ല സമ്പർക്ക പട്ടിക തയ്യാറാക്കാൻ ടവർ ലൊക്കേഷൻ കണ്ടെത്തലാണ് പോലീസ് ചെയ്യുന്നതെന്നാണ് സർക്കാർ നിലപാട്. പൊലീസിന് നടപടിയിൽ ഭരണഘടനാ വിരുദ്ധമായി ഒന്നും ഇല്ലെന്നും സർക്കാർ കോടതിയെ അറിയിക്കും. ഇന്റലിൻജൻസ് എഡിജിപി ആണ് വിവിധ മൊബൈൽ സേവന ദാതാക്കൾക്ക് കൊവിഡ് രോഗികളുടെ ഫോൺ വിളി വിശദാംശം കൈമാറണം എന്നാവശ്യപ്പെട്ട് കത്ത് നൽകിയത്.

Latest Videos
Follow Us:
Download App:
  • android
  • ios