'നഗരങ്ങളിലെ എല്ലാ പള്ളികളിലും ജാഗ്രത തുടരുന്നതാണ് ഉചിതം'; പാളയം ഇമാം പറയുന്നു

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ച ശേഷവും പാളയം പള്ളി താല്‍ക്കാലികമായി തുറക്കേണ്ടെന്നാണ് ജമാഅത് പരിപാലന സമിതിയുടെ തീരുമാനം

Palayam Juma masjid Imam about relaxation for opening mosque

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ച ശേഷവും പാളയം പള്ളി താല്‍ക്കാലികമായി തുറക്കേണ്ടെന്നാണ് ജമാഅത് പരിപാലന സമിതിയുടെ തീരുമാനം.ആരാധനയ്ക്കായി എത്തുന്നവരിൽ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമായതിനാല്‍  കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് തീരുമാനം. ഈ തീരുമാനം എന്തുകൊണ്ടെന്നും നഗര പ്രദേശങ്ങളിലുള്ള മറ്റ് ആരാധനാലയങ്ങള്‍ ഇത്തരം ജാഗ്രത പുലര്‍ത്തേണ്ടതിന്‍റ ആവശ്യകതയും പാളയം ഇമാം  വിപി സുഹൈബ് മൗലവി ഏഷ്യാനെറ്റ് ന്യൂസ് ഡോട്കോമിനോട് സംസാരിക്കുന്നു.

ഇമാമിന്‍റെ വാക്കുകള്‍...

നഗര ഹൃദയത്തിലുള്ള പള്ളിയാണ് നമ്മുടേത്. അവിടേക്ക് വരുന്നവര്‍ എവിടെ നിന്നൊക്കെ വരുന്നെന്ന് പറയാന്‍ സാധിക്കില്ല. അപരിചിതരാണ് കൂടുതല്‍ വരിക. ഇത്തരമൊരു സാഹചര്യത്തില്‍ അവധാനതയോടെ പെരുമാറുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്. സര്‍ക്കാര്‍ നല്‍കിയ ഇളവ് സ്വാഗതം ചെയ്യുന്നു. ഇത് ഗ്രാമങ്ങളിലുള്ള പള്ളികള്‍ക്ക് ഉപയോഗപ്പെടുത്താം. അംഗബലം കുറ‍ഞ്ഞ പള്ളികളില്‍ ഇത് സാധ്യമാണ്. നിശ്ചിത കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള പള്ളികളായിരിക്കും ഇതെല്ലാം. അതുകൊണ്ടുതന്നെ അവിടെ ആരൊക്കെ വരുന്നുവെന്ന് അറിയാന്‍ കഴിയും.

പള്ളികള്‍ തുറക്കണമെന്ന് ഞങ്ങള്‍ പലപ്പോഴായി ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും കൊവിഡിന്‍റെ സാഹചര്യം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. നൂറിലധികം കൊവിഡ് ബാധിതര്‍ ഇന്നുണ്ടായി. ഇത് ഏത് ഘട്ടം വരെ പോകുമെന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള പള്ളികള്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നതാവും ഇപ്പോള്‍ പക്വവും ഉചിതവുമായ തീരുമാനം. 

നഗരങ്ങളില്‍ പള്ളികള്‍ തുറക്കുമ്പോള്‍ അത് ബുദ്ധിമുണ്ടാക്കും. കാരണം അവിടെ ആദ്യം വരുന്ന നൂറുപേര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അവസരമൊരുക്കുന്നതുപോലുള്ള നിയന്ത്രണങ്ങളും പ്രായോഗികമല്ല. ആദ്യം വരുന്നത് അതേ മഹല്ലിലുള്ള ആളുകളാകണമെന്നില്ല. ദേവാലയത്തില്‍ മഹല്ല് കുടുംബം എന്ന് വേര്‍തിരിച്ച് ആളുകളെ കയറ്റാന്‍ സാധിക്കില്ലല്ലോ... എല്ലാവര്‍ക്കും പ്രാര്‍ത്ഥന നടത്താനുള്ള അവസരമാണ് ഉണ്ടാകേണ്ടത്. അങ്ങനെയൊരു നല്ല നാളെ ഉണ്ടാവുക എന്നതുകൂടി ലക്ഷ്യമിട്ടാണിത്.

മസ്ജിദുകള്‍ പോലെ മറ്റ് ആരാധനാലയങ്ങളും ശ്രദ്ധ പുലര്‍ത്തേണ്ടത് തന്നെയാണ്. പക്ഷെ മറ്റിടങ്ങളില്‍ പള്ളികളിലേതു പോലെ ഒരു സാഹചര്യമുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് പറയാനാകില്ല. മുസ്ലിം പള്ളികളില്‍ സമയബന്ധിതമായാണ് കൂടുതല്‍ ആളുകള്‍ പ്രാര്‍ത്ഥന നടത്തുന്നത്. അത്തരമൊരു സാഹചര്യത്തില്‍ നഗരപ്രദേശങ്ങളിലെ ആളുകള്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണമെന്നാണ് അഭിപ്രായം. പള്ളി തുറന്ന സര്‍ക്കാര്‍ നടപടിയെ ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുകയാണ്. ഒപ്പം ജാഗ്രത കൈവിടാതിരിക്കുക എന്നതും ഈ സാഹചര്യത്തില്‍ അത്യാവശ്യമാണെന്നാണ് അഭിപ്രായം.

Latest Videos
Follow Us:
Download App:
  • android
  • ios