ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല, ചോദ്യം ചെയ്യൽ നിബന്ധനകളോടെ മാത്രം, ചികിത്സ തടയരുത്
രാവിലെ 9 മുതൽ 12 വരെയും ഉച്ചയ്ക്ക് 3 മുതൽ അഞ്ച് മണി വരെയും മാത്രം ചോദ്യം ചെയ്യാൻ അനുമതി. ഒരു മണിക്കൂർ ചോദ്യം ചെയ്താൽ 15 മിനിറ്റ് വിശ്രമം. ഇങ്ങനെ 7 നിബന്ധനകൾ പാലിച്ചേ ചോദ്യം ചെയ്യാവൂ എന്ന് കോടതി.
തൊടുപുഴ: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല. ലേക് ഷോർ ആശുപത്രിയിൽ വച്ച് തന്നെ അന്വേഷണ ഉദ്യോഗസ്ഥന് ഇബ്രാഹിംകുഞ്ഞിനെ ഒരു ദിവസം ചോദ്യം ചെയ്യാമെന്നും കോടതി വിധിച്ചു. എന്നാൽ ചികിത്സയെ തടസ്സപ്പെടുത്തുന്ന രീതിയിൽ ചോദ്യം ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു.
ഏഴ് നിബന്ധനകൾ പാലിച്ചേ അർബുദരോഗത്തിന് ചികിത്സയിൽ കഴിയുന്ന മുൻമന്ത്രിയെ ചോദ്യം ചെയ്യാവൂ എന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. നവംബർ 30-നാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ അനുമതി. രാവിലെ 9 മണി മുതൽ 12 മണി വരെയും ഉച്ചയ്ക്ക് 3 മണി മുതൽ 5 മണി വരെയും മാത്രമേ ചോദ്യം ചെയ്യാൻ അനുമതിയുണ്ടാകൂ. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർ കൊവിഡ് പരിശോധന നടത്തണം. ചോദ്യം ചെയ്യൽ സംഘത്തിൽ മൂന്ന് പേർ മാത്രമേ പാടുള്ളൂ. ഒരു മണിക്കൂർ ചോദ്യം ചെയ്താൽ 15 മിനിറ്റ് വിശ്രമം അനുവദിക്കണം. ചോദ്യം ചെയ്യലിനിടയിൽ ചികിത്സ തടസ്സപ്പെടുത്തരുത്. ചോദ്യം ചെയ്യലിനിടയിൽ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുത്. കോടതി ഉത്തരവിന്‍റെ പകർപ്പ് ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കും നൽകണം എന്നും കോടതി വ്യക്തമാക്കുന്നു.
ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ഇതിന്‍റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി നിർദേശിക്കുന്നു.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അർബുദചികിത്സയിലാണ്. സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡ് തൊടുപുഴയിലെ വിജിലൻസ് കോടതിയിൽ മുൻമന്ത്രിയുടെ മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ അദ്ദേഹത്തിന് തുടർചികിത്സ ആവശ്യമെന്ന് വ്യക്തമാക്കിയിരുന്നു. ഇബ്രാഹിംകുഞ്ഞിനെ ഉടൻ കസ്റ്റഡിയിൽ വിടാനാകില്ലെന്ന് കോടതി അന്ന് നിരീക്ഷിച്ചു. ഇതേത്തുടർന്നാണ് ജാമ്യഹർജി ഇന്ന് പരിഗണിച്ചത്.