രാഹുൽ പോയത് മറ്റൊരു കാറിൽ, ട്രോളി ബാഗ് വെച്ച കാർ രാഹുലിനെ പിന്തുടർന്നു; പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം

ഇന്നലെ ഹോട്ടലിൻ്റെ അകത്തുള്ള ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളിൽ കെഎസ്‍യു നേതാവായ ഫെന്നി നൈനാൻ നീല ട്രോളി ബാ​ഗുമായി പോകുന്നത് കാണാമായിരുന്നു. 

palakkad raid new cctv visuals about congress candidate rahul mankoottathil from kpm hotel palakkad

പാലക്കാട്: പാലക്കാട്ടെ പാതിരാ റെയ്ഡിൽ വീണ്ടും നീക്കങ്ങളുമായി സിപിഎം. കോൺ​ഗ്രസ് കളളപ്പണം കടത്തിയെന്ന ആരോപണത്തിൽ പുതിയ ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടിരിക്കുന്നത്. കെപിഎം ഹോട്ടലിന് പുറത്തുള്ള ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. ഇന്നലെ ഹോട്ടലിൻ്റെ അകത്തുള്ള ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളിൽ കെഎസ്‍യു നേതാവായ ഫെന്നി നൈനാൻ നീല ട്രോളി ബാ​ഗുമായി പോകുന്നത് കാണാമായിരുന്നു. എന്നാൽ ട്രോളി ബാ​ഗിൽ വസ്ത്രങ്ങളായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചിരുന്നു. 

ഫെന്നി ട്രോളി ബാഗ് വെച്ച കാറിൽ അല്ല രാഹുൽ മാങ്കൂട്ടത്തിൽ പോയതെന്നു ദൃശ്യങ്ങളിൽ കാണാം. രാഹുൽ പോയത് മറ്റൊരു കാറിലായിരുന്നു. പിന്നീട് ട്രോളി ബാഗ് വെച്ച കാർ രാഹുൽ പോയ കാറിനെ പിന്തുടരുകയായിരുന്നു. ഇതാണ് ദൃശ്യങ്ങളിലുള്ളത്. വസ്ത്രങ്ങളുള്ള ബാ​ഗാണെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്തുകൊണ്ട് ആ കാറിൽ പോയില്ലെന്നാണ് സിപിഎം ഉയർത്തുന്ന വാ​ദം. 

നേരത്തെ, സിപിഎമ്മിനും ബിജെപിക്കുമെതിരെ ഷാഫി പറമ്പിൽ എംപി വിമ‌ർശനമുന്നയിച്ചിരുന്നു. സിപിഎമ്മിനും ബിജെപിക്കും കോൺഗ്രസിനെതിരായ കള്ളപ്പണ ആരോപണം പൊളിഞ്ഞതിന്റെ ജാള്യതയാണെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു. വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവർ താമസിച്ച ഹോട്ടലിൽ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഉള്ളിലും പൊതുജനങ്ങൾക്കിടയിലും വിഷയം അവമതിപ്പ് സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പ്രതികരണങ്ങളാണ് സിപിഎം നേതാക്കൾ നടത്തുന്നത്. ആദ്യഘട്ടത്തിൽ പറഞ്ഞ ആരോപണങ്ങൾ അവർ ഇപ്പോൾ മാറ്റിപ്പറയുന്നു. സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി മുൻ വാതിലിലൂടെ വന്ന് അതിലൂടെ തന്നെ തിരിച്ചു പോകുന്ന ദൃശ്യം വ്യക്തമാണ്. നിരന്തരം കള്ളപ്രചാര വേലകൾ ആണ് സിപിഎം നടത്തുന്നത്. നിലവാര തകർച്ചയാണ് ഇപ്പോൾ സിപിഎമ്മിനെ നയിക്കുന്നത്.

സ്ഥാനാർത്ഥിനിർണയം പോലെ തന്നെ വലിയ നിലവാര തകർച്ച പ്രചാരണ രംഗത്തും സിപിഎം പിന്തുടരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് അവരുടെ സ്ഥാനാർത്ഥിയെ പോലും കാര്യം പറഞ്ഞ് ഫലിപ്പിക്കുവാൻ കഴിയുന്നില്ല. സ്ഥാനാർത്ഥി വിഭിന്നമായ മറ്റൊരു അഭിപ്രായമാണ് പങ്കുവെക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ജില്ലാ സെക്രട്ടറി സ്ഥാനാർത്ഥിയെ തള്ളിയിരിക്കുകയാണ്. എസ്പിയും എഎസ്പിയും നടത്തിയത് വ്യത്യസ്തമായ പ്രതികരണങ്ങളാണ്. പിറകിലെ കോണിയിലൂടെ ബിജെപിയെ മുകളിൽ കയറ്റുവാനുള്ള അജണ്ടയാണ് സിപിഎം പിന്തുടരുന്നത്. സാധാരണ കോൺഗ്രസിനെതിരെ ശക്തമായി രംഗത്ത് വരുന്ന പല സിപിഎം നേതാക്കളും ഇത് അബദ്ധമായി എന്ന തിരിച്ചറിവിനെ തുടർന്നാണ് പ്രതികരണത്തിന് പോലും തയ്യാറാകാത്തത്. ട്രോളി എന്താണെങ്കിലും സിപിഎം ഉപേക്ഷിക്കേണ്ട. അടുത്ത തെരഞ്ഞെടുപ്പിൽ വേണമെങ്കിൽ ചിഹ്നമായി ഉപയോഗിക്കാം. തെരഞ്ഞെടുപ്പിൽ ഗവൺമെന്റിനെ ജനം വിലയിരുത്തുന്ന സാഹചര്യമുണ്ടാകരുത്. അതിനുവേണ്ടിയുള്ള പരാക്രമങ്ങളാണ് സിപിഎം ബിജെപിയെ കൂട്ടുപിടിച്ച് നടത്തുന്നത്.

ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഐക്യം അന്ന് ആ ഹോട്ടലിൽ എല്ലാവരും നേരിൽ കണ്ടതാണ്. കൊടകരയിൽ കോടിക്കണക്കിന് രൂപയുടെ കുഴൽപ്പണം വന്നു എന്ന്  പോലീസ് റിപ്പോർട്ട് വരെ പുറത്തു വന്നിട്ട്  ട്രോളി ബാഗ് പോയിട്ട്, ഒരു ചാക്ക് കൊണ്ടുപോലും സമരം ചെയ്യുവാൻ ഡിവൈഎഫ്ഐക്ക് കഴിഞ്ഞില്ല. രാത്രി വൈകി പോലീസ് ആരംഭിച്ച തിരച്ചിലിൽ പുലർച്ചയാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ വരുന്നത്. എന്നിട്ടും അവർ സാക്ഷികളായി ഒപ്പിട്ടു നൽകി. അതിൽ അന്വേഷണം വേണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരും. 

സിപിഎം ജില്ലാ സെക്രട്ടറിയും മന്ത്രി എം ബി രാജേഷും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ എക്കോയായി മാറുന്നത് അവസാനിപ്പിക്കണം. സിപിഎം ജില്ലാ സെക്രട്ടറിക്ക് അവരുടെ സ്ഥാനാർത്ഥിയെക്കാൾ വിശ്വാസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെയാണ്. റെയ്ഡിനു മുമ്പ് ബിജെപി സിപിഎം പ്രവർത്തകർ എങ്ങനെ ഒരുപോലെ അവിടെ എത്തി എന്നത് എല്ലാർക്കും കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കി നൽകുന്നതാണെന്നും ഷാഫി പറഞ്ഞു.

'ട്രോളി എന്താണെങ്കിലും സിപിഎം ഉപേക്ഷിക്കേണ്ട; അടുത്ത തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കാം' പരിഹാസവുമായി ഷാഫി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios