'മുറിയിൽ ആരാണുള്ളതെന്ന് ചോദിച്ചു, അങ്ങേയറ്റം അപമാനിച്ചു'; പൊലീസിനെതിരെ തുറന്നടിച്ച് ബിന്ദു കൃഷ്ണ

അങ്ങേയറ്റം അപമാനകരമായ സംഭവമെന്ന് ബിന്ദു കൃഷ്ണ. സമീപത്തെ ബിജെപി വനിതാ നേതാക്കള്‍ താമസിക്കുന്ന മുറി പരിശോധിക്കാതെയാണ് പൊലീസ് മടങ്ങിയതെന്നും ബിന്ദു കൃഷ്ണ.

Palakkad police raid latest news congress leader bindu krishna against police

പാലക്കാട്:പാതിരാത്രിയിലെ പൊലീസ് പരിശോധന വലിയ നടുക്കമുണ്ടാക്കിയെന്നും പൊലീസ് യാതൊരു മര്യാദയും കാണിക്കാതെ മുറിയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ്  ബിന്ദു കൃഷ്ണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസ് അങ്ങേയറ്റം അപമാനിച്ചു. കള്ളന്മാരും കൊള്ളക്കാരും തീവ്രവാദികളുമൊക്കെയാണല്ലോ രാത്രി ഇങ്ങനെ മുറിയിലേക്ക് അതിക്രമിച്ച് വരുക. ഉറങ്ങി തുടങ്ങിയപ്പോഴാണ് ബഹളം കേട്ടത്. 3014 മുറിയിൽ കയറണം എന്ന ശബ്ദമാണ് പുറത്ത് നിന്ന് കേട്ടത്. അപ്പോള്‍ ബെല്ലടിച്ച ശബ്ദം കേട്ടു.

രണ്ടാമത്തെ ബെല്ല് കേട്ട് തുറക്കുമ്പോഴേക്കും നിറയെ പൊലീസുകാരാണ് പുറത്ത്. രണ്ടു പേര്‍ക്ക് യൂണിഫോമുണ്ടായിരുന്നില്ല. മുറി പരിശോധിക്കണമെന്ന് പറഞ്ഞു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ല. ആരാണ് മുറിയിലുള്ളതെന്ന് പൊലീസ് ചോദിച്ചു. ഭര്‍ത്താവാണെന്നും ഉറങ്ങുകയാണെന്നും പറഞ്ഞപ്പോള്‍ വിളിക്കാൻ പറഞ്ഞു.

വിളിക്കാൻ പറ്റില്ലെന്നും എന്താണ് കാര്യമെന്നും തിരിച്ചു ചോദിച്ചപ്പോള്‍ വീണ്ടും ഭര്‍ത്താവിനെ വിളിക്കാൻ പറഞ്ഞ് പൊലീസ് ബഹളം വെച്ചു. പിന്നീട് അദ്ദേഹത്തെയും വിളിച്ചുകൊണ്ടുവന്നു. രണ്ടു പേരും വാതിലിന്‍റെ അടുത്തേക്ക് വന്നപ്പോഴേക്കും മുറിയിലേക്ക് പൊലീസ് ഇടിച്ചുകയറി. ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ എത്തി. ഞങ്ങളെയും പുറത്താക്കി. നാലു പെട്ടികളും ഹാന്‍ഡ് ബാഗുകളും അലമാരയിലെ ഉപയോഗിച്ച വസ്ത്രങ്ങളുമെല്ലാം പരിശോധിച്ചു. മേശയുടെ അടിയിലുണ്ടായിരുന്ന പെട്ടിയും തുറന്ന് കാണിച്ചുകൊടുത്തു.

എന്തിനാണ് വന്നതെന്ന് ചോദിച്ചിട്ട് അപ്പോഴും മറുപടിയില്ല. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് പൊലീസ് പറഞ്ഞത്. കൊടകര കുഴല്‍പ്പണ കേസിൽ 41 കോടി കേരളത്തിൽ പറന്നുകളിച്ചപ്പോള്‍ ഒരു പൊലീസും റെയ്ഡ് നടത്തിയില്ലലോയെന്നും പൊലീസിനോട് ചോദിച്ചു. ജീവിതത്തിൽ ഇതുവരെ ഉണ്ടാകാത്ത ദുരനുഭവം ആണ് ഉണ്ടായത്. എതിര്‍വശത്തുള്ള ബിജെപി വനിതാ നേതാക്കള്‍ താമസിക്കുന്ന സമീപത്തെ 3015 നമ്പര്‍ മുറിയിൽ പരിശോധന നടത്താതെയാണ് പൊലീസ് തിരിച്ചുപോയത്.

പിന്നീട് നിധിൻ കണിച്ചേരിയും വിജിനുമൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതാണ് ടിവിയിൽ കണ്ടത്. അപ്പോഴാണ് കോണ്‍ഗ്രസുകാരെ ലക്ഷ്യമിട്ട് പൊലീസ് എത്തുകയാണെന്ന് വ്യക്തമായതും പിന്നീട് എല്ലാവരും ഒന്നിച്ച് പ്രതിഷേധിച്ചതും. പുലര്‍ച്ചെ 2.30നാണ് പരിശോധനയുടെ റിപ്പോര്‍ട്ട് നൽകുന്നത്. അങ്ങേയറ്റം അപമാനകരമായ സംഭവമാണ് ഉണ്ടായെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

പൊലീസിന്‍റെ പാതിരാ പരിശോധന; യുഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്ന് ബിജെപി, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

 

Latest Videos
Follow Us:
Download App:
  • android
  • ios