ഷാജഹാന്റെ ശരീരത്തിൽ 10 വെട്ടുകൾ, കഴുത്തിലും കാലിലുമേറ്റ വെട്ടുകൾ മരണകാരണം
കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്
പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെട്ടത് കഴുത്തിലും കാലിനുമേറ്റ വെട്ടുകളെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിലേറ്റ പത്ത് വെട്ടുകളിൽ 2 എണ്ണം ആഴത്തിലുള്ളതാണ്. കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഷാജഹാന്റെ ഇടതു കയ്യിലും ഇടതു കാലിലുമാണ് വെട്ടേറ്റത്. മുറിവുകളിൽ നിന്ന് അമിത രക്തസ്രാവം ഉണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
ഇന്നലെ രാത്രിയാണ് കുന്നംങ്കാട് ജംഗ്ഷനില്‍ വച്ച് ഷാജഹാൻ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാലക്കാട് ഷാജഹാൻ വധം; കൊലയാളികൾ ഇപ്പോൾ പാർട്ടി പ്രവർത്തകരല്ലെന്ന് സിപിഎം
സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ വധവുമായി ബന്ധപ്പെട്ട കൊലയാളികൾ ഇപ്പോൾ പാർട്ടി പ്രവർത്തകരല്ലെന്ന് വിശദീകരണവുമായി സിപിഎം ജില്ലാ നേതൃത്വം. കൊലയാളി സംഘാംഗങ്ങൾ നേരത്തെ പാർട്ടി വിട്ടവരാണ്. ഇവർ ആർഎസ്എസിന്റെ സജീവ പ്രവർത്തകരാണ്. എത്രയോ വർഷം മുൻപ് പാർട്ടി വിട്ടവരാണ്. ആർഎസ്എസാണ് ഇവർക്ക് സഹായം നൽകി വന്നത്. പാലക്കാട് ശ്രീനിവാസൻ കൊല്ലപ്പെട്ടപ്പോൾ വിലാപയാത്രയിൽ പങ്കെടുത്തവരാണ് ഇവർ. പിന്നെങ്ങിനെയാണ് ഇവർ സിപിഎം പ്രവർത്തകരെന്ന് പറയുക? ഷാജഹാനെ തന്നെ ലക്ഷ്യമിട്ടാണ് ഇവർ വന്നത്. അവിടെ മറ്റ് പാർട്ടി പ്രവർത്തകരുണ്ടായിട്ടും അവരെയൊന്നും ആക്രമിച്ചിരുന്നില്ലല്ലോയെന്നും പാർട്ടി പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ചോദിച്ചു.
ഷാജഹാൻ വധം: ആർഎസ്എസിന് അസ്വസ്ഥത; സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം: മന്ത്രി റിയാസ്
സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് എന്ന് കുറ്റപ്പെടുത്തി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബോധപൂർവം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വൈകാരികതയ്ക്ക് അടിമപ്പെടാതെ വേണം പാർട്ടി പ്രവർത്തകർ മുന്നോട്ട് പോകാൻ. അക്രമത്തെ അപലപിക്കാൻ പോലും യുഡിഎഫ് തയ്യാറായിട്ടില്ല. തുടർ ഭരണം ആർഎസ്എസിനെ അസ്വസ്ഥതപ്പെടുത്തുകയാണെന്നും സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നും റിയാസ് കുറ്റപ്പെടുത്തി.
ഷാജഹാൻ വധക്കേസ്: രാഷ്ട്രീയ വൈര്യമാണോ കൊലയ്ക്ക് കാരണമെന്ന് ഇപ്പോൾ പറയാനാവില്ല: എസ്‌പി
ഷാജഹാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈര്യത്തിന്റെ പേരിലാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്. കേസിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊലപാതക കാരണം പൊലീസ് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഷാജഹാനെ വെട്ടിയത് പാർട്ടി പ്രവർത്തകരെന്ന് ദൃക്സാക്ഷി മൊഴി: ആര്‍എസ്എസ് എന്ന് ആവര്‍ത്തിച്ച് സിപിഎം
മലമ്പുഴയ്ക്ക് അടുത്ത് മരുതറോഡ് പഞ്ചായത്തിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നത് സിപിഎം പ്രവർത്തകർ തന്നെയാണെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. കൊലപാതകത്തിന് സാക്ഷിയും ഷാജഹാനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്ത സുരേഷ് ആണ് ഏഷ്യാനെറ്റ് ന്യൂസിനോട് ഇക്കാര്യം പറഞ്ഞത്.
പാലക്കാട് കൊലപാതകം: പിന്നിൽ ആർഎസ്എസ് എന്ന സിപിഎം ആരോപണം തള്ളി സിപിഐ
പാലക്കാട് കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് എന്ന സിപിഎം ആരോപണം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഒരു സംഭവം ഉണ്ടായാൽ ആദ്യം തന്നെ ആരോപണവുമായി വരുന്നത് ശരിയല്ല എന്ന് കാനം പറഞ്ഞു. ആർഎസ്എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് കാനം ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനം തകർക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു കണ്ടുപിടിക്കട്ടെ എന്നും കാനം പറഞ്ഞു.