പാലക്കാട്ടെ തോൽവി, തിരിച്ചടി കെ സുരേന്ദ്രന്? ഉത്തരവാദിത്തം ചാരി പാര്‍ട്ടിയിൽ കലാപക്കൊടി
പാലക്കാട്ടെ തോൽവിയുടെ ഉത്തരവാദിത്വം സുരേന്ദ്രൻ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയിൽ കലാപത്തിന് തുടക്കമായി. അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവും ഇനി ശക്തമാകും.
തിരുവനന്തപുരം: ബിജെപിക്ക് ഏറ്റവും സാധ്യതയുണ്ടായിരുന്ന പാലക്കാട്ടെ വമ്പൻ തോൽവി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയാണ്. തോൽവിയുടെ ഉത്തരവാദിത്വം സുരേന്ദ്രൻ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയിൽ കലാപക്കൊടി. അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവും ഇനി ശക്തമാകും.
''തൃശൂരിന് പിന്നാലെ താമര വിരിയുന്നത് പാലക്കാട്. മൂന്നാം സ്ഥാനത്ത് യുഡിഎഫ്'' എന്നായിരുന്നു രണ്ട് ദിവസം മുമ്പുള്ള കെ സുരേന്ദ്രൻ്റെ എഫ്ബി പോസ്റ്റ്. പക്ഷെ സംസ്ഥാനത്തെ ബിജെപിയുടെ ഗോൾഡൻ എ പ്ലസ് സീറ്റിൽ സുരേന്ദ്രൻ്റെ എല്ലാ കണക്കുകളും പൊളിഞ്ഞു. സ്വന്തം നോമിനിയെ സ്ഥാനാർത്ഥിയാക്കിയത് അടക്കം പാലക്കാട് തീരുമാനങ്ങളെല്ലാമെടുത്തത് സുരേന്ദ്രൻ ഒറ്റക്കെന്നാണ് എതിർചേരിയുടെ വിമർശനം. പോരടിച്ച ഇടങ്ങളിലെല്ലാം വോട്ട് കുത്തനെ കൂട്ടുന്ന ശോഭാ സുരേന്ദ്രനോട് മുഖം തിരിച്ചു. സീറ്റ് ആഗ്രഹിച്ച സന്ദീപ് വാര്യരെ തഴഞ്ഞെന്ന് മാത്രമല്ല, ഉടക്കിനിന്ന സന്ദീപിനെ അനുനുയിപ്പിക്കാൻ ശ്രമിക്കാതെ അവഗണിച്ചുവിട്ടു. ചുമതലക്കാരെല്ലാം സുരേന്ദ്രൻ്റെ അടുപ്പക്കാരായത് കൃഷ്ണദാസ് പക്ഷത്തെ ചൊടുപ്പിച്ചു. താനാവശ്യപ്പെട്ട ശോഭയെ നിർത്താതിനാൽ സുരേഷ് ഗോപിയും സജീവമായില്ല. ഇടതിനെ കടന്നാക്രമിക്കാതെ യുഡിഎഫിനെ മുഖ്യശത്രുവാക്കിയുള്ള തന്ത്രം പാളിയെന്ന് മാത്രമല്ല, ഡീൽ ആക്ഷേപത്തിന് അത് യുഡിഎഫിന് ഇന്ധനവുമേകി.
സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ട് ചോർച്ചയുണ്ടായത് ഗൗരവമായി പരിശോധിക്കണമെന്ന സന്ദീപ് വാചസ്പതിയുടെ പോസ്റ്റ് സുരേന്ദ്രനുള്ള കുത്താണ്. പാലക്കാട്ടെ തോല്‍വി നേൃത്യത്തിന്‍റെ പരാജയമാണോ എന്ന ചോദ്യത്തിന് തെ സുരേന്ദ്രനോട് ചോദിക്കണം എന്നായിരുന്നു ബി ഗോപാലകൃഷ്‌ണന്‍റെ മറുപടി. ശോഭാ സുരേന്ദ്രൻ തന്ത്രപരമായ മൗനത്തിലാണ്. അധ്യക്ഷ പദവിയിൽ ഊഴം പൂർത്തിയാക്കിയ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം ഇനി കൂടുതൽ ശക്തമാകും. ശോഭ അടക്കം അമർഷമുള്ള നേതാകകൾ കേന്ദ്രനേതൃത്വത്തെ സമീപിക്കാനും സാധ്യതയേറെയാണ്. തൃശൂർ വഴി കേരളം പിടിക്കാമെന്ന് കരുതിയ കേന്ദ്ര നേതൃത്വത്തിനും പാലക്കാട്ടെ തോൽവി ഉണ്ടാക്കുന്നത് ഞെട്ടല്‍. സംസ്ഥാന അധ്യക്ഷനിലുള്ള വിശ്വാസവും ദില്ലിക്കും പോകുന്ന സ്ഥിതിയാണ്.