പാര്‍ട്ടി നേതൃത്വം ചേര്‍ത്തുപിടിച്ചുവെന്ന് അബ്ദുള്‍ ഷുക്കൂര്‍; 'പിണക്കം മാറി, കടന്നുപോയത് വൈകാരികമായ ദിവസം'
അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായാണ് ഇതുവരെ പ്രവര്‍ത്തിച്ചതെന്നും അതുപോലെ തന്നെ തുടരുമെന്നും പാലക്കാട്ടെ സിപിഎം ഏരിയാ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
പാലക്കാട്:അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായാണ് ഇതുവരെ പ്രവര്‍ത്തിച്ചതെന്നും അതുപോലെ തന്നെ തുടരുമെന്നും പാലക്കാട്ടെ സിപിഎം ഏരിയാ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജില്ലാ സെക്രട്ടറിയുമായുള്ള പ്രശ്നം നേതൃത്വം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. കടന്നുപോയത് വൈകാരികമായ ഒരു ദിവസമാണെന്നും പിണക്കമെല്ലാം മാറിയെന്നും ഷുക്കൂര്‍ പറഞ്ഞു.
ചില പ്രശ്നങ്ങളിൽ വൈകാരികമായി പ്രതികരിച്ചപ്പോള്‍ സംഭവിച്ച കാര്യമാണ്. അത് പാര്‍ട്ടിക്ക് ഇത്രയധികം പ്രശ്നമുണ്ടാക്കുമെന്ന് കരുതി ചെയ്തതല്ല. അക്കാര്യം ഉള്‍പ്പെടെ തിരിച്ചറിഞ്ഞുകൊണ്ടാണ് നേതൃത്വത്തിന്‍റെറ ഉറപ്പ് ലഭിച്ചു. തന്നെ നേതൃത്വം ചേര്‍ത്തുപിടിച്ചു. തന്‍റെ നിലപാട് ഇത്രയധികം പ്രശ്നങ്ങളുണ്ടാക്കുമെന്ന് കരുതിയില്ല. ജില്ലാ സെക്രട്ടറിയുമായി സംസാരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ട്ടിയിൽ നിന്ന് പോവുമെന്ന് ആരും പറഞ്ഞിട്ടില്ല. സജീവ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് താൻ പറഞ്ഞതെന്നും പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പ് ലഭിച്ചതിനാൽ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി തന്നെ തുടരുമെന്നും അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞു.
സിപിഎം അനുനയിപ്പിച്ചു: പാലക്കാട് രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുൾ ഷുക്കൂർ പാർട്ടി വിടില്ല