സുരേന്ദ്രനെതിരെ ബിജെപി നേതാക്കളുടെ ഒളിയമ്പ്; സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും പാലക്കാട് വോട്ട് ചോർന്നു

ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ഒളിയമ്പുമായി ബിജെപി നേതാക്കള്‍. പാലക്കാട് സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ട് ചോര്‍ന്നെന്ന് സന്ദീപ് വാചസ്പതി

Palakkad by-election result latest news bjp leaders including sandeep vachaspati against bjp state president k surendran

പാലക്കാട്: പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിലും വോട്ട് ചോര്‍ച്ചയുണ്ടായതിലും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ഒളിയമ്പുമായി ബിജെപി നേതാക്കള്‍. പാലക്കാട് സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ട് ചോര്‍ന്നെന്ന് സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചു. ബിജെപിയുടെ മേല്‍ക്കൂര ശക്തിപ്പെടുത്തണമെന്ന് ബിജെപി നേതാവ് എൻ ശിവരാജൻ പറ‍ഞ്ഞു.

സംഘടന കൂടുതൽ ശക്തിപ്പെടുത്തണമെന്നും കുറെക്കാലമായി സജീവമല്ലാത്തവരെ  തിരികെ കൊണ്ടു വരണമെന്നും ശിവരാജൻ കൂട്ടിച്ചേര്‍ത്തു. സംഘടനാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് കെ സുരേന്ദ്രനോട് ചോദിക്കണമെന്നായിരുന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍റെ പ്രതികരണം. പാലക്കാട്ടെ തെരഞ്ഞെടുപ്പിൽ വര്‍ഗീയതയും കോഴയും കൂറുമാറ്റവും അടക്കമാണ് ചര്‍ച്ചയായതെന്നും ഇതിനെ പ്രതിരോധിക്കുന്നതിൽ പാര്‍ട്ടിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചു.

ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ഉപതിരഞ്ഞെടുപ്പിൽ യഥാർത്ഥ രാഷ്ട്രീയ പോരാട്ടം നടന്നത് ചേലക്കര മണ്ഡലത്തിലാണ്. അവിടെ ഉജ്ജ്വല മുന്നേറ്റമാണ് ബിജെപി നടത്തിയത്. പതിനായിരത്തോളം വോട്ട് ചേലക്കരയിൽ ബിജെപിക്ക് കൂടി. പ്രചാരണത്തിന് നേതൃത്വം നൽകിയ തൃശ്ശൂർ ജില്ലാ കമ്മിറ്റി അഭിനന്ദനം അർഹിക്കുന്നു. വയനാടും ബിജെപി വോട്ട് വിഹിതം നിലനിർത്തി. അവിടെയും പാർട്ടി എന്ന നിലയിൽ ബിജെപി അടിത്തറ ശക്തമാണ്. 
എന്നാൽ പാലക്കാട് തികച്ചും വ്യക്തിപരമായിരുന്നു കാര്യങ്ങൾ. പ്രചാരണത്തിൽ അടക്കം ഇത് കാണാമായിരുന്നു. വർഗ്ഗീയതയും കോഴയും കൂറുമാറ്റവും അടക്കം വിഷയങ്ങളായി. ഈ കാര്യങ്ങൾ പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കേണ്ടതാണ്. ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചതല്ല. പാർട്ടി സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ട് ചോർച്ച ഉണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കും. എങ്കിലും പാലക്കാട് ബിജെപിയുടെ അടിത്തറയ്ക്ക് ഒരു ക്ഷീണവും ഉണ്ടായിട്ടില്ല. ഈ തിരിച്ചടി താത്കാലികം മാത്രമാണ്. ഇതിനെയും പാർട്ടി മറികടക്കും. അതിനുള്ള കരുത്ത് ഈ പ്രസ്ഥാനത്തിനുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ റോഡ്ഷോയ്ക്കിടെ പിസി വിഷ്ണുനാഥ് കുഴഞ്ഞുവീണു, ആശുപത്രിയിലേക്ക് മാറ്റി

പാലക്കാടൻ കോട്ട കാത്ത് രാഹുൽ, കന്നിയങ്കത്തിൽ പ്രിയങ്കയെ നെഞ്ചേറ്റി വയനാട്; ചേലക്കരയിൽ പ്രദീപിന് മിന്നും ജയം

 

Latest Videos
Follow Us:
Download App:
  • android
  • ios