കരിപ്പൂരിലെത്തിയ പ്രവാസികൾക്ക് പെയ്‍ഡ് ക്വാറന്‍റീൻ; പ്രതിഷേധത്തെ തുടര്‍ന്ന് പിൻവലിച്ചു

കരിപ്പൂരിലെത്തിയ പ്രാവാസികളോടാണ് ക്വാറന്‍റീന് പണം നല്‍കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചത്. ഇവരെ ലോഡ്‍ജിലേക്ക് മാറ്റിയിരിക്കുകയാണ്. 

paid quarantine for expatriates started

കരിപ്പൂര്‍: കരിപ്പൂരിലെത്തിയ പ്രവാസികള്‍ ക്വാറന്‍റീന് പണം അടക്കേണ്ടെന്ന് ജില്ലാഭരണകൂടം. പ്രവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ജില്ലാഭരണകൂടം ചിലവ് വഹിക്കുമെന്ന് വ്യക്തമാക്കിയത്. ലോഡ്‍ജിലേക്ക് മാറ്റിയ പ്രവാസികളോട് ആദ്യം പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി പ്രവാസികള്‍ പ്രതിഷേധിച്ചതോടെ അധികൃതര്‍ അയഞ്ഞു. 

അതേസമയം പ്രവാസികളുടെ ക്വാറന്‍റീന്‍  കാര്യത്തിൽ മുഖ്യമന്ത്രി വീമ്പു പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാർ പ്രവാസികളെ അപമാനിക്കുകയാണെന്നും  എന്ത് ഗൈഡ് ലൈൻ ആണ് മുഖ്യമന്ത്രി ഉണ്ടാക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. പ്രവാസികളുടെ ക്വാറന്‍റീന്‍ വിഷയത്തില്‍ സത്യാഗ്രഹം ഇരിക്കാനാണ് യുഡിഎഫ് തീരുമാനം. പ്രവാസികൾക്ക് സൗകര്യം ഒരുക്കാൻ സർക്കാരിന് പറ്റില്ലെങ്കിൽ പറയണം, ജനങ്ങൾ തന്നെ ഇതിനായി മുന്നോട്ട് വരുമെന്നും ചെന്നിത്തല പറഞ്ഞു. 

മടങ്ങിയെത്തുന്ന മുഴുവന്‍ പ്രവാസികള്‍ക്കും സൗജന്യ കരുതൽ നിരീക്ഷണം അനുവദിക്കാനാവില്ലെന്നും പാവപ്പെട്ടവർക്ക് ഇളവ് നല്‍കുമെന്നുമായിരുന്നു ഇന്നലെ മുഖ്യമന്ത്രി അറിയിച്ചത്.  പ്രവാസികളെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്നുവെന്ന് ആവർത്തിക്കുന്ന സർക്കാരിന്‍റെ കരുതൽ നിരീക്ഷണ നയത്തിലെ മാറ്റം വൻ വിവാദമായിരുന്നു. മുഴുവൻ പേരും പണം നൽകണമെന്ന് അറിയിച്ച മുഖ്യമന്ത്രി പ്രതിഷേധത്തിനൊടുവിൽ  പാവപ്പെട്ടവർക്ക് ഇളവ് ഉണ്ടാകുമെന്ന് അറിയിക്കുകയായിരുന്നു.

വിമാനമാർഗ്ഗവും കപ്പൽവഴിയും ഇതുവരെ എത്തിയ പ്രവാസികളുടെ എണ്ണം 11,037 ആണ് . അതിൽ 5842 പേർ മാത്രമാണ് ഇപ്പോൾ സർക്കാർ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ അറുന്നൂറോളം പേർ പെയ്ഡ് ആണെന്നാണ് അനൗദ്യോഗിക വിവരം. പ്രവാസികൾക്കായി ഒന്നരലക്ഷത്തോളം കിടക്കകൾ അടക്കം തയ്യാറാണെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാർ പൊടുന്നനെയാണ് നയം മാറ്റിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios