പദ്‌മനാഭ സ്വാമി ക്ഷേത്രം: ബി നിലവറ തുറക്കാനുള്ള തീരുമാനം സമിതിക്ക് വിട്ട് സുപ്രീം കോടതി
ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമർപ്പിച്ച അപ്പീൽ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിന്റെ നടത്തിപ്പിൽ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കി
തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം പുതുതായി രൂപീകരിക്കുന്ന സമിതി എടുക്കണമെന്ന് സുപ്രീം കോടതി. ബി നിലവറ തുറക്കുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം സുപ്രീം കോടതി കൈക്കൊണ്ടിട്ടില്ല.
സമിതി രൂപീകരിക്കുമ്പോൾ അഹിന്ദുക്കളെ ഉൾപ്പെടുത്തരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്കാലിക സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം. തുടർന്ന് രാജകുടുംബ പ്രതിനിധിയും സംസ്ഥാന സർക്കാർ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിയെ ഇനി തെരഞ്ഞെടുക്കണം. ഈ സമിതിയാണ് ബി നിലവറ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക.
ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമർപ്പിച്ച അപ്പീൽ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിന്റെ നടത്തിപ്പിൽ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കി. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാൽ അതിന്റെ നടത്തിപ്പിൽ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏൽപിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.