Asianet News MalayalamAsianet News Malayalam

അൻവറിനെതിരെ നിയമ നടപടിയെന്ന് പി ശശി; 'പാർട്ടിയുമായി ആലോചിക്കും, എല്ലാം മുഖ്യമന്ത്രിയും പാർട്ടിയും പറയും'

എത്ര ഗുരുതര ആരോപണമാണെങ്കിലും കൂടുതൽ ഒന്നും പറയാനില്ലെന്നും ശശി കൂട്ടിച്ചേർത്തു. കണ്ണൂരിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് പ്രതികരണം.   

p sasi political secretary of pinarayi vijayan response on pv anvar allegations
Author
First Published Oct 1, 2024, 12:58 PM IST | Last Updated Oct 1, 2024, 1:05 PM IST

കണ്ണൂർ : പി വി അൻവർ അടക്കം ഉയർത്തിയ ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. പാർട്ടിയുമായി ആലോചിച്ച് അൻവറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി ശശി പ്രതികരിച്ചു. അൻവറിന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് എല്ലാം മുഖ്യമന്ത്രിയും പാർട്ടിയും പറയും. പാർട്ടിയും മുഖ്യമന്ത്രിയും പറയുന്നതിന് അപ്പുറം വ്യക്തിപരമായി ഒന്നും പറയാനില്ലെന്നും ശശിയുടെ വിശദീകരിച്ചു. 'അൻവർ എന്തും പുറത്ത് വിട്ടോട്ടെ, അൻവർ അറ്റാക്ക് ചെയ്താലും കുഴപ്പമില്ല'. നിങ്ങൾ (മാധ്യമങ്ങൾ) എന്തിനാണ് എന്നെ അറ്റാക്ക് ചെയ്യുന്നതെന്നായിരുന്നു ശശിയുടെ ചോദ്യം.എത്ര ഗുരുതര ആരോപണമാണെങ്കിലും കൂടുതൽ ഒന്നും പറയാനില്ലെന്നും ശശി കൂട്ടിച്ചേർത്തു. കണ്ണൂരിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് പ്രതികരണം.  

അതിനിടെ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ സിപിഎം സെക്രട്ടറിക്ക് നൽകിയ പരാതി പിവി അൻവർ പുറത്തുവിട്ടു. സ്വർണ്ണക്കടത്തിന്റെ പങ്ക് പറ്റുന്നുവെന്നും കേസുകളിൽ ഒത്ത് തീർപ്പുണ്ടാക്കി ലക്ഷങ്ങൾ കൈപ്പറ്റുന്നു എന്നതടക്കം ഗുരുതര ആക്ഷേപങ്ങളാണ് ശശിക്കെതിരെ പരാതിയിൽ അൻവർ ഉന്നയിക്കുന്നത്.

അന്‍വറിന് പിന്നിൽ എസ്ഡിപിഐയും ജമാഅതെ ഇസ്ലാമിയും, കൂടെ ലീഗും കോൺഗ്രസും, ആരോപണവുമായി ഗോവിന്ദൻ

ഇന്നലത്തെ ഏഷ്യാനെറ്റ് ന്യൂസിൻറെ ന്യൂസ് അവറിൽ പാർട്ടി സെക്രട്ടറിക്കുള്ള പരാതിയിൽ ശശിക്കെതിരെ ഒന്നും ഉന്നയിച്ചില്ലെന്ന പ്രസ്താവന ഉണ്ടായ സാഹചര്യത്തിലാണ് പരാതി പുറത്തുവിടുന്നുവെന്നാണ് അൻവറിന്റെ വിശദീകരണം. ഫേസ് ബുക്കിലൂടെ പരസ്യമാക്കിയ പരാതിയിൽ ശശിക്കെതിരെയുള്ളത് ഗുരുതര ആക്ഷേപങ്ങളാണ്. സ്വർണ്ണക്കടത്തിൻറെ പങ്ക് ശശി പറ്റുന്നു, കച്ചവടക്കാർക്കിടയിലെ സാമ്പത്തിക തർക്കത്തിൽ ഇടപെട്ട് ശശി ലക്ഷങ്ങൾ കൈപ്പറ്റി, കമ്മീഷൻ വാങ്ങി കേസുകൾ ഒത്തുതീർപ്പാക്കുന്നു, രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ തനിക്കെതിരായ കേസിന് പിന്നിലും ശശി, സോളാർ കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയതിലും എഡിജിപി അജിത് കുമാറിനൊപ്പം ശശിയുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാനെത്തുന്ന സ്ത്രീകളുടെ ഫോൺ നമ്പർ വാങ്ങി ശൃംഗാര ഭാവത്തിൽ ഇടപെടുന്നു എന്നിങ്ങനെ പോകുന്നു പരാതി. പാർട്ടിക്കാരെ സർക്കാറിൽ നിന്നും അകറ്റിനിർത്തുന്ന ശശിക്കെതിരെ നടപടി വേണമെന്നാണ് എം.വി ഗോവിന്ദന് നൽകിയ പരാതിയിലെ ആവശ്യം.  

 

 

Latest Videos
Follow Us:
Download App:
  • android
  • ios