സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ വന്‍ കുതിപ്പ്: 'കേരളത്തിന്റെ വളര്‍ച്ച 256 %, ആഗോള ശരാശരി 46 %'
'വ്യവസായ നയത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്ന റോബോട്ടിക്സ് മേഖലയിലെ നൂതന സാങ്കേതിക നിര്‍മ്മാണവും നിര്‍മിതബുദ്ധി, ബിഗ്ഡാറ്റ അനലിറ്റിക്‌സ് എന്നിവയും ഏറെ പുരോഗതി നേടിയ മേഖലകളായി.'
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് മേഖല സമാനതകളില്ലാത്ത കുതിപ്പ് നടത്തി മുന്നോട്ടുപോകുകയാണെന്ന ആഗോള സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥാ റിപ്പോര്‍ട്ട് അഭിമാനം നല്‍കുന്ന നേട്ടമാണെന്ന് മന്ത്രി പി രാജീവ്. ആഗോളതലത്തില്‍ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയുടെ ശരാശരി മൂല്യവര്‍ധനവ് 46% മാത്രമാണെങ്കില്‍ കേരളത്തിലേത് 254% ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഫോര്‍ഡബിള്‍ ടാലന്റ് ഇന്റക്‌സില്‍ ഏഷ്യയിലെ നാലാം സ്ഥാനവും കേരളത്തിനാണെന്ന് മന്ത്രി പറഞ്ഞു.
സ്റ്റാര്‍ട്ടപ് ജീനോം, ഗ്ലോബല്‍ ഓണ്‍ട്രപ്രണര്‍ഷിപ് നെറ്റ്വര്‍ക്ക് എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഡിജിറ്റല്‍ സര്‍വകലാശാല വികസിപ്പിച്ച കൈരളി എഐ ചിപ്പ്, ആദ്യ എഐ റോബോട്ട് ടീച്ചറായ ഐറിസ്, ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമായ വിസര്‍ എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടുവെന്നതും ശ്രദ്ധേയമായ നേട്ടമാണെന്ന് മന്ത്രി രാജീവ് പറഞ്ഞു.
മന്ത്രി പി രാജീവിന്റെ കുറിപ്പ്: കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ലോകം സമാനതകളില്ലാത്ത കുതിപ്പ് നടത്തി മുന്നോട്ടുപോകുകയാണെന്ന ആഗോള സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥാ റിപ്പോര്‍ട്ട് മലയാളികള്‍ക്കാകെ അഭിമാനം നല്‍കുന്ന നേട്ടമാണ്. ആഗോളതലത്തില്‍ പോലും സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ ശരാശരി മൂല്യവര്‍ധനവ് 46% മാത്രമാണെങ്കില്‍ കേരളത്തിലേത് 254% ആണെന്ന് ഈ റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിരിക്കുന്നു. ഒപ്പം അഫോര്‍ഡബിള്‍ ടാലന്റ് ഇന്റക്‌സില്‍ ഏഷ്യയിലെ തന്നെ നാലാം സ്ഥാനവും നമ്മുടെ കേരളത്തിനാണ്. ലോകത്തിലെ 280 സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെയും 30 ലക്ഷത്തിലേറെ സ്റ്റാര്‍ട്ടപ്പുകളെയും ഗവേഷണം ചെയ്ത് തയ്യാറാക്കുന്ന ഏറ്റവും ആധികാരികമായ റിപ്പോര്‍ട്ടിലാണ് നമ്മുടെ കേരളം ഉജ്വലമായ മുന്നേറ്റം കാഴ്ചവെച്ചിരിക്കുന്നത് എന്നതും പ്രത്യേകമായി അടയാളപ്പെടുത്തേണ്ടതുണ്ട്.
സ്റ്റാര്‍ട്ടപ് ജീനോം, ഗ്ലോബല്‍ ഓണ്‍ട്രപ്രണര്‍ഷിപ് നെറ്റ്വര്‍ക്ക് എന്നിവര്‍ ചേര്‍ന്നാണ് ആഗോള സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥാ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഡിജിറ്റല്‍ സര്‍വകലാശാല വികസിപ്പിച്ച കൈരളി എഐ ചിപ്പ്, ആദ്യ എഐ റോബോട്ട് ടീച്ചറായ ഐറിസ്, ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമായ വിസര്‍ എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ തന്നെ ഉള്‍പ്പെട്ടുവെന്നതും ശ്രദ്ധേയമായ നേട്ടമാണ്. ഒപ്പം തന്നെ സംസ്ഥാന വ്യവസായ നയത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്ന റോബോട്ടിക്സ് മേഖലയിലെ നൂതന സാങ്കേതിക നിര്‍മ്മാണവും നിര്‍മിതബുദ്ധി, ബിഗ്ഡാറ്റ അനലിറ്റിക്‌സ് എന്നിവയും ഏറെ പുരോഗതി നേടിയ മേഖലകളായി.
സംസ്ഥാന വ്യവസായനയം 2023ലെ പ്രധാനമേഖലകളായ ലൈഫ് സയന്‍സ്, ഹെല്‍ത്ത് ടെക്ക് വിഭാഗങ്ങളില്‍ല്‍ ഇന്ത്യയുടെ മൊത്തം ഉല്‍പാദനത്തിന്റെ നാലിലൊന്നും കേരളത്തില്‍നിന്നുള്ള കമ്പനികളാണ് സാധ്യമാക്കുന്നത്. മെഡിക്കല്‍ ടെക്‌നോളജി മേഖലയില്‍ സംസ്ഥാനത്തിന്റെ വിറ്റുവരവ് 7431 കോടി രൂപയാണെന്നും പരാമര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേട്ടം ഈ വര്‍ഷം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ മികവ് തുടര്‍ന്നുപോകാനും വരും വര്‍ഷവും ഈ നേട്ടം നിലനിര്‍ത്താനും കൂടുതല്‍ മുന്നോട്ടുപോകാനും കേരളം പരിശ്രമിക്കും.