കൃഷിമന്ത്രിക്ക് എന്നും കർഷകദിനം: അടുക്കള തോട്ടങ്ങളെ പ്രൊത്സാഹിപ്പിക്കുമെന്ന് പി.പ്രസാദ്
എംഎൽഎയും മന്ത്രിയുമാവും മുൻപേ പേരെടുത്ത കർഷകനായ പി.പ്രസാദ് ചിങ്ങം ഒന്നിന് ഔദ്യോഗിക വസതിയിലെ കൃഷിയിടത്തിൽ തിരക്കിലായിരുന്നു
തിരുവനന്തപുരം: കർഷകദിനമായ ചിങ്ങം ഒന്നിനും പതിവ് രീതികൾ വിടാതെ കൃഷി മന്ത്രി പി.പ്രസാദ്. എംഎൽഎയും മന്ത്രിയുമാവും മുൻപേ പേരെടുത്ത കർഷകനായ പി.പ്രസാദ് ചിങ്ങം ഒന്നിന് ഔദ്യോഗിക വസതിയിലെ കൃഷിയിടത്തിൽ തിരക്കിലായിരുന്നു. മന്ത്രിയും ഭാര്യയും അമ്മയും മകളും വിത്തിടാൻ ഒരുമിച്ചിറങ്ങി. ഔപചാരിക ആഘോഷങ്ങൾക്ക് അപ്പുറം കർഷകദിനത്തിൽ കൃഷിയിലേക്ക് ആളുകളെ എത്തിക്കാനുള്ള ആത്മാർത്ഥ ശ്രമം കൂടി വേണമെന്ന് മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിൻ്റെ നമസ്തേ കേരളം പരിപാടിയിൽ അതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രിയുടെ വാക്കുകൾ -
എല്ലാ കർഷകർക്കും ഹൃദയം നിറഞ്ഞ കർഷകദിനാശംസകൾ നേരുകയാണ്. നമ്മുടെ മുന്നിൽ ഒരുപാട് പ്രയാസങ്ങളും പ്രശ്നങ്ങളുമുണ്ട്. സമൂഹവും സർക്കാരും ചേർന്ന് പരിഹരിക്കേണ്ട പല പ്രശ്നങ്ങളും അതിലുണ്ട്. അതെല്ലാം പരിഹരിക്കപ്പെടണം എന്നാണ് സർക്കാർ ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. നമ്മുക്ക് ആവശ്യമായ ഭക്ഷണം ഉത്പാദിപ്പിക്കാനുള്ള ശ്രമം നമ്മൾ നടത്തണം. എല്ലാം വാങ്ങിച്ചാൽ മതിയെന്ന നമ്മുടെ ചിന്ത കാരണം നമ്മൾ കൂടുതലായി രോഗങ്ങളിലേക്ക് എത്തുകയാണ്. ആർസിസിയിലെ ഒരു പഠനറിപ്പോർട്ട് നമ്മുടെ മുന്നിലുണ്ട്. 35 മുതൽ 40 ശതമാനം പേരിൽ വരെ അർബുദം വരാൻ കാരണം ഭക്ഷണവും ജീവിതശൈലിയുമാണ് എന്നാണ് ആ റിപ്പോർട്ടിലെ കണ്ടെത്തൽ. ഇരുപത് ശതമാനത്തിൽ താഴെ പേരിൽ മാത്രമാണ് പുകയില ഉപയോഗം കാരണം അർബുദബാധയുണ്ടാവുന്നത്.
നാളെയുടെ കൃഷി ആരോഗ്യത്തെ നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കൃഷിയാവണം. ചിങ്ങം ഒന്നിന് കർഷകദിനമാചരിച്ച് കുറേ ചടങ്ങുകൾ സംഘടിപ്പിക്കുന്നതിന് അപ്പുറം ആളുകൾ കൃഷിയിലേക്ക് ഇറങ്ങുന്ന ദിനമായി ഇതു മാറണം. അങ്ങനെയാണ് ഈ കൃഷിദിനത്തിൽ ഒരു വാർഡിൽ ആറ് ഇടത്ത് എങ്കിലും പുതിയ അടുക്കളത്തോട്ടം തുടങ്ങണം എന്ന് ലക്ഷ്യമിട്ടത്. അരസെൻ്റ ഭൂമിയിലെങ്കിലും കൃഷി തുടങ്ങാനായാൽ വലിയ കാര്യം എന്നാണ് ഞങ്ങൾ ഉദ്ദേശിച്ചത്. എന്നാൽ 2000 അടുക്കളത്തോട്ടങ്ങൾ വരെ തുടങ്ങിയ പഞ്ചായത്തുകൾ ഇപ്പോൾ ഉണ്ട്. പച്ചക്കറി ഉപഭോഗത്തിലെങ്കിലും പരമാവധി സ്വയം പര്യാപ്തത നേടാൻ ഉള്ള ശ്രമം നാംനടത്തണം.