പള്ളിത്തർക്കം: 52 പളളികളിൽ ഇന്ന് പ്രവേശിക്കുമെന്ന് യാക്കോബായ വിഭാഗം
സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പളളികളിൽ ഇന്ന് പ്രവേശിക്കുമെന്ന് യാക്കോബായ വിഭാഗം. മുളന്തുരുത്തി, പിറവം അടക്കമുളള പളളികളിൽ പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കോട്ടയം: സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പളളികളിൽ ഇന്ന് പ്രവേശിക്കുമെന്ന് യാക്കോബായ വിഭാഗം. മുളന്തുരുത്തി, പിറവം അടക്കമുളള പളളികളിൽ പ്രവേശിക്കുമെന്നാണ് യാക്കോബായ വിഭാഗം അറിയിച്ചിരിക്കുന്നത്. പളളികൾ കൈമാറുന്നതിനെതിരെ യാക്കോബായ സഭ നടത്തുന്ന സമര പരിപാടികളുടെ ഭാഗമായാണ് പളളികളിൽ പ്രവേശിക്കുമെന്ന് അറിയിച്ചിട്ടുള്ളത്.
മുളന്തുരുത്തി പള്ളിക്ക് പുറത്തായി സജ്ജീകരിച്ച യാക്കോബായ വിശ്വാസികളുടെ താത്കാലിക പ്രാർത്ഥന കേന്ദ്രത്തിൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ് കുർബാന നടത്തുകയാണ്. അതിനിടെ വടവുകോട് സെൻ്റ് മേരീസ് പള്ളിയിൽ പ്രവേശിക്കാനുള്ള യാക്കോബായ സഭാ വിശ്വാസികളുടെ നീക്കം പൊലീസ് തടഞ്ഞു. പളളിക്ക് മുന്നിൽ യാക്കോബായ സഭാ വിശ്വാസികളുടെ പ്രതിഷേധിക്കുകയാണ്. കോടതി വിധി മറികടക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
എന്നാൽ വിശ്വാസികൾക്ക് പളളികളിലേക്ക് വരുന്നതിന് യാതൊരു തടസവും ഇല്ലെന്ന് ഓർത്തഡോക്സ് സഭ നിലപാട് അറിയിച്ചിട്ടുണ്ട്. വിശ്വാസികൾക്ക് വരാമെങ്കിലും യാക്കോബായ സഭാ വൈദികരെയും ബിഷപ്പുമാരെയും പളളികളിൽ പ്രവേശിപ്പിക്കില്ലെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്.